Virtual Arrest: കവടിയാറിൽ വിർച്വൽ അറസ്റ്റിലൂടെ 52കാരന് നഷ്ടമായത് 1.84 കോടി; 15 ലക്ഷം തടയാനായെന്ന് പോലീസ്
Man Loses Nearly Two Crore Through Virtual Arrest Scam: സിബിഐ ആണെന്ന് വിശ്വസിപ്പിച്ച് 24 ദിവസം വിർച്വൽ തടങ്കലിൽ ആയിരുന്ന പരാതിക്കാരൻ, പിന്നീട് സൈബർ പോലീസിൽ പരാതി നൽകാൻ പോകുന്ന സമയത്തും തട്ടിപ്പ് സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെ ആയിരുന്നു.

കവടിയാർ: വിർച്വൽ അറസ്റ്റിലൂടെ 52കാരന് 1.84 കോടി രൂപ നഷ്‌ടമായ സംഭവത്തിൽ 15 ലക്ഷം രൂപ തടയാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു. തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. കവടിയാർ ജവഹർ നഗർ സ്വദേശിയായ ഇയാളിൽ നിന്ന് പല തവണകളായി ഏഴ് അക്കൗണ്ടുകളിലൂടെ ആണ് സംഘം പണം തട്ടിയത്. ആദ്യം ടെലികോം അതോറിട്ടി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് തട്ടിപ്പുകാർ ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുഴുവൻ പണവും സംഘം തട്ടിയെടുക്കുകയായിരുന്നു.
അശോക് ഗുപ്ത കേസിന്റെ പേര് പറഞ്ഞാണ് വീഡിയോ കോളിലൂടെ ഇയാളെ ഭീഷണിപ്പെടുത്തി 24 ദിവസം വിർച്വൽ അറസ്റ്റിൽ ആക്കിയതും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതും. ഐഎഫ്എസ് ഉദ്യോഗസ്ഥൻ ആയിരുന്ന അച്ഛന്റെ വിരമിക്കൽ പണം ഉൾപ്പടെ ഇയാളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. സിബിഐ ആണെന്ന് വിശ്വസിപ്പിച്ച് 24 ദിവസം വിർച്വൽ തടങ്കലിൽ ആയിരുന്ന പരാതിക്കാരൻ, പിന്നീട് സൈബർ പോലീസിൽ പരാതി നൽകാൻ പോകുന്ന സമയത്തും തട്ടിപ്പ് സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെ ആയിരുന്നു.
ALSO READ: ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ വൈകുന്നു, മണിക്കൂറുകൾ നീണ്ട പിടിച്ചിടൽ
വീട് പണയപ്പെടുത്തിയും വായ്‌പ എടുത്തും മറ്റുമാണ് ഇയാൾ തട്ടിപ്പ് സംഘത്തിന് പണം കൈമാറിയത്. ഒടുവിൽ ഒന്നര മാസത്തിന് ശേഷമാണ് തട്ടിപ്പിന് ഇരയായതാണെന്ന് ഇയാൾ മനസിലാക്കുന്നത്. പണം നിക്ഷേപിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ നിന്ന് 15 ലക്ഷം രൂപ തടഞ്ഞു വയ്ക്കാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു.