Mananthavady Woman Murder Case: മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിയെ പ്രതിക്കൊപ്പം കണ്ടെത്തി
Mananthavady Woman Murder Case: ഇന്നലെയാണ് ദിലീഷ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന എടയൂർകുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്.

മാനന്തവാടിയിലെ കാണാതായ ഒമ്പത് വയസുകാരിയെ കണ്ടെത്തി. വീടിന് പിന്നിലെ വനമേഖലയിൽ നിന്ന് അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ദിലീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന എടയൂർകുന്ന് സ്വദേശി പ്രവീണയെ ദിലീഷ് കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനർഘ, അബിന എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ആക്രമണത്തിൽ മൂത്ത മകൾ അനർഘക്ക് പരിക്കേറ്റിരുന്നു. ചെവിക്കും കഴുത്തിനും വെട്ടേറ്റ കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇളയ മകളെ സംഭവത്തിന് പിന്നാലെ കാണാതായി. പ്രതി കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്ന സംശയത്തെ തുടർന്ന് ഇന്നലെ രാത്രി മുതൽ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഡ്രോണ്‍ പരിശോധന അടക്കം നടത്തി. തിരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു.