VS Achuthanandan: ആര്‍ത്തലച്ച് ആള്‍ക്കടല്‍; പാര്‍ട്ടി ഓഫീസില്‍ നിന്നും വിഎസ് ‘പടിയിറങ്ങി’; വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി
VS Achuthanandan Funeral Updates: രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അവസാനിപ്പിച്ചത്

വിലാപയാത്ര
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി. വൈകുന്നേരം ആറു മണിയോടെയാണ് വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിയത്. മുന്‍നിശ്ചയിച്ചതിലും ഏഴ് മണിക്കൂര്‍ വൈകിയാണ് വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിയത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അവസാനിപ്പിച്ചത്.
പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അവസാനിച്ചിട്ടും ആയിരക്കണക്കിന് പേരാണ് അപ്പോഴും വിഎസിനെ ഒരു നോക്ക് കാണാനായി എത്തിക്കൊണ്ടിരുന്നത്. റിക്രിയേഷന്‍ ഗ്രൗണ്ടിലും നിരവധി പേരാണ് വിഎസിനെ കാണാന്‍ കാത്തുനില്‍ക്കുന്നത്.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ തന്നെ പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കും. തുടര്‍ന്ന് വലിയ ചുടുകാടില്‍ സംസ്‌കാരം നടക്കും. പ്രതികൂല കാലാവസ്ഥയിലും അതെല്ലാം അവഗണിച്ച് പ്രിയ നേതാവിനെ അവസാനമായി ഒന്ന് കാണാന്‍ നിരവധി പേരാണ് എത്തുന്നത്. വിവിധ ജില്ലകളില്‍ നിന്നടക്കം പതിനായിരക്കണക്കിന് പേരാണ് രാവിലെ മുതല്‍ കാത്തുനില്‍ക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളടക്കം ആലപ്പുഴയിലേക്ക് എത്തി.
വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് വിഎസിന്റെ ഭൗതികദേഹം പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചത്. പൊലീസും റെഡ് വോളണ്ടിയേഴ്‌സും പൊതുദര്‍ശനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കി. ആളുകളുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടുനിന്നു. റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം അവസാനിച്ചാല്‍ ഭൗതികശരീരം സംസ്‌കാരത്തിനായി വലിയ ചുടുകാടിലേക്ക് കൊണ്ടുപോകും.