Kerala Ship Accident: കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കള്‍; ഈ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യത, ജാഗ്രത
Wan Hai 503 Ship Accident: എംവി വാന്‍ ഹായ് 503 എന്ന തായ്‌വാന്‍ കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.

കൊച്ചി: കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെയായി അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. അത്യന്തം അപകടകരമായ രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോയിൽ പറയുന്നു. എംവി വാന്‍ ഹായ് 503 എന്ന തായ്‌വാന്‍ കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.
പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതും ഇല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് ഈ കണ്ടെയ്‌നറുകളിലുള്ളത് എന്നാണ് റിപ്പോർട്ട്. 20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. ഇതിനു പുറമെ ട്രൈക്ലോറോബെന്‍സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസിറ്റോണ്‍ ആൽക്കഹോള്‍,ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിന്‍, പെയിന്റ് തുടങ്ങിയ വസ്തുക്കളും കണ്ടെയ്‌നറുകളിലപണ്ട്.
അതേസമയം അടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലിൽ നിന്ന് കണ്ടെയ്നറുകൾ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി.
Quick response by @IndiaCoastGuard after explosion on #Singapore flagged MV #WANHAI503, 130 NM NW of #Kerala coast.
➡️ #ICG aircraft assessed the scene & dropped air-droppable
➡️ 04 #ICG ships diverted for rescue.#MaritimeSafety #ICG #SearchAndRescue pic.twitter.com/xVPEShbU8h— Indian Coast Guard (@IndiaCoastGuard) June 9, 2025
അതേസമയം കപ്പൽ ഏകദേശം 15 ഡിഗ്രി വരെ ഇടത് വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായി കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കപ്പലിൽ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങൾ തുടരുകയാണ്.