ND Appachan: വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് എൻ ഡി അപ്പച്ചൻ
DCC President ND Appachan Resigned: പ്രിയങ്കഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു.

Nd Appachan
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. എൻഎം വിജയൻ്റെ മരണമുൾപ്പെടെ സംഘടനയ്ക്ക് അകത്ത് വിവിധ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് രാജി. കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും രാജി സന്നദ്ധത നേരത്തെ അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ ഡി അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകും. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ജില്ലകൾക്കൊപ്പം വയനാട്ടിലും നേതൃമാറ്റമുണ്ടാകുമെന്ന നിലപാടിലായിരുന്നു കെപിസിസി. എന്നാൽ പ്രിയങ്കഗാന്ധി വയനാട്ടിൽ പ്രസിഡന്റിനെ ഉടനെ മാറ്റണമെന്ന് നിലപാടെടുക്കുകയായിരുന്നു എന്നാണ് വിവരം. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. പ്രിയങ്കാഗാന്ധിയുടെ പരിപാടികളിലൊന്നും എൻ ഡി അപ്പച്ചൻ ഒപ്പമുണ്ടായിരുന്നില്ല.
ALSO READ: അമിത് ചക്കാലക്കലിന് വാഹനക്കടത്ത് റാക്കറ്റുമായി ബന്ധം? വീണ്ടും ചോദ്യം ചെയ്തേക്കും
എൻ എം വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകളിൽ അപ്പച്ചൻ ആരോപണ വിധേയനായത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിൽ പ്രിയങ്കാ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൽ ആലോചിച്ച മുണ്ടക്കൈ-ചൂരൽമല പുനരധിവാസപദ്ധതി നടക്കാതെപോയതിലും പ്രിയങ്കയ്ക്ക് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്. അടുത്ത ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഐസക്കിനെ തന്നെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം കഴിഞ്ഞ 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.