കേരളം വീണ്ടും സ്വാശ്രയ സമര ചൂടിലേക്കോ! സ്വയംഭരണ കോളേജുകൾക്ക് ഇളവുകളുമായി സർക്കാർ; വിമർശിച്ച് പിണറായി

Kerala Higher Education Department issues new circular: ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ തീരുമാനപ്രകാരം, സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്‌സുകളിലെ സീറ്റ് വർദ്ധനവിന് അതാത് സർവകലാശാലകൾക്കോ റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേകം സർക്കാർ അനുമതി തേടേണ്ടതില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം.

കേരളം വീണ്ടും സ്വാശ്രയ സമര ചൂടിലേക്കോ! സ്വയംഭരണ കോളേജുകൾക്ക് ഇളവുകളുമായി സർക്കാർ; വിമർശിച്ച് പിണറായി

Kerala Higher Education Department Issues New Circular

Published: 

08 Nov 2026 | 12:48 PM

തിരുവനന്തപുരം: കേരളം വീണ്ടുമൊരു സ്വാശ്രയ സമരകാലത്തേക്ക് തിരിച്ചുപോകുമോ എന്ന് സംശയിപ്പിക്കും വിധത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് അ‌രങ്ങൊരുന്നു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്, ഓട്ടോണോമസ് കോളേജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർദ്ധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല എന്നതടക്കമുള്ള മാറ്റങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ സർക്കാർ നീക്കത്തെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സർക്കാർ തീരുമാനം സ്വയംഭരണ കോളജുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പുതിയ കോഴ്സുകൾക്കും സീറ്റ് വർദ്ധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിലെ (നമ്പർ: E2/184/2026-HEDN) അഞ്ചാം വകുപ്പിൽ വളരെ വ്യക്തമായി നിഷ്കർഷിച്ചിരുന്നു. എന്നാൽ പുതിയ നിർദേശപ്രകാരം പുതിയ കോഴ്സുകൾക്ക് സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം.

Also Read: ‘ഞങ്ങൾക്ക് അ‌തിന്റെ സയന്റിഫിക് സപ്പോർട്ടുണ്ട്’, പെട്രോളിൽ കാലക്രമേണ എഥനോൾ വർധിപ്പിക്കും: ​സുരേഷ് ഗോപി

പുതിയ തീരുമാനപ്രകാരം, സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്‌സുകളിലെ സീറ്റ് വർദ്ധനവിന് അതാത് സർവകലാശാലകൾക്കോ റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേകം സർക്കാർ അനുമതി തേടേണ്ടതില്ല. അനുമതി പത്രത്തിനായി ഒരു കോഴ്‌സിന് 650 രൂപ വീതം ചലാൻ ഫീസും (3 വർഷത്തേക്ക്) 810 രൂപ അഫിഡവിറ്റ് ഫീസും (3 വർഷത്തേക്ക്) അടയ്ക്കണം. 2026-27 അധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30-ൽ പുതുക്കുമ്പോൾ 2027-28, 2028-29 വർഷങ്ങളിലെ ഫീസ് ഒടുക്കിയാൽ മതി.

ഓരോ അക്കാദമിക് വർഷത്തിലും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള നിയമങ്ങളിൽ പ്രതിപാദിക്കാത്ത വിഷയങ്ങൾക്കും, സർവകലാശാല/റഗുലേറ്ററി ബോഡി തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമുള്ള സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽപ്പറയുന്നു. ഇത് സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ പുതിയ നീക്കത്തെ എതിർത്ത് രംഗത്തെത്തി. സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന വ്യവസ്ഥ നിലനിൽക്കെ, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ അ‌തിൽ അട്ടിമറി നടത്തിയിരിക്കുകയാണ് എന്ന് അ‌ദ്ദേഹം ആരോപിച്ചു. തോന്നുംപടി അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം (NOC) വേണ്ടെന്ന ഇപ്പോഴത്തെ വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു ആവശ്യകതാ പഠനവും നടത്താതെ, സീറ്റുകൾ തോന്നിയപോലെ വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുൻപിൽ നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തിയാണ് ഈ വഴിവിട്ട ഒത്തുകളി നടക്കുന്നത്. മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

വർഷാവർഷമുള്ള പരിശോധനകൾ റദ്ദാക്കിയതും, അഡ്മിഷൻ കഴിഞ്ഞ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്നതാണ് ഈ നടപടികൾ. സെപ്റ്റംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്‌മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

English Summary

The Higher Education Department has issued new guidelines, which include a provision stating that prior government approval is no longer required for introducing new courses or increasing the number of seats in government, aided, and autonomous colleges across the state. Furthermore, the government’s new directive stipulates that decisions regarding the increase of seats for existing courses in self-financing colleges may now be taken by the respective universities or the relevant regulatory authority.

Loading...
Unable to load recommendations.
Follow Us
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി