Nilambur By Election 2025: 14 ടേബിളുകളിലായി രാവിലെ 8 മുതൽ എണ്ണിത്തുടങ്ങും, വോട്ടണ്ണലിന് എല്ലാം സജ്ജം- തെരഞ്ഞെടുപ്പ് ഓഫീസര്‍
വിഎമ്മുകൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ് റൂമിൽ കേന്ദ്ര സായുധ പോലീസ് സേനയുടെയും സംസ്ഥാന സായുധ പോലീസിന്റെയും 24 മണിക്കൂർ ദ്വിതല സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ജൂൺ 24, തിങ്കളാഴ്ച രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
രാവിലെ 7.30-ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ് റൂം തുറക്കും. 14 ടേബിളുകളിലായി 19 റൗണ്ടുകളിലായാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണുക. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് (Electronically Transmitted Postal Ballot System) ഉൾപ്പെടെയുള്ളവ എണ്ണുന്നതിനായി 5 ടേബിളുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇവിഎം വോട്ടുകളും എണ്ണും.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ പൂർണ്ണമായും സുതാര്യമായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പുനൽകി. മൈക്രോ ഒബ്സർവർമാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെയും (എ.ആർ.ഒ.) നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ ഇവിഎമ്മുകളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവിൽ, ഇവിഎമ്മുകൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്കൂളിലെ സ്ട്രോങ് റൂമിൽ കേന്ദ്ര സായുധ പോലീസ് സേനയുടെയും സംസ്ഥാന സായുധ പോലീസിന്റെയും 24 മണിക്കൂർ ദ്വിതല സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.