Nipah Outbreak Kerala: ഭീഷണിയായി നിപ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം; പ്രതിരോധ നടപടി ശക്തമാക്കും
Nipah Outbreak Alert Issued in Kerala: രണ്ട് രോഗികളിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരേ സമയം മൂന്ന് ജില്ലകളിൽ പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം സ്വദേശികളിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സ്ഥിരീകരണത്തിനായി സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് രോഗികളിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരേ സമയം മൂന്ന് ജില്ലകളിൽ പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി 26 കമ്മിറ്റികൾ വീതം മൂന്ന് ജില്ലകളിൽ രൂപീകരിച്ചു. രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെയും, സ്റ്റേറ്റ് ഹെൽപ്പ് ലൈനിന്റെയും, ജില്ലാ ഹൈൽപ്പ് ലൈനിന്റെയും സഹായം തേടും.
രണ്ട് ജില്ലകളിൽ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കും. അതനുസരിച്ചുള്ള നടപടികൾ അതാത് ജില്ലയിലെ കളക്ടർമാർ സ്വീകരിക്കണം. പബ്ലിക് അനൗൺസ്മെൻ്റ് നടത്തണം. ഈ കാലയളവിൽ ഉണ്ടായിട്ടുള്ള അസ്വാഭാവിക മരണങ്ങൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേർന്ന് തുടർനടപടികളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും.
ALSO READ: പാലക്കാടിന് പിന്നാലെ കോഴിക്കോട് മരിച്ച പതിനെട്ടുകാരിയുടെ സാമ്പിളും പോസിറ്റീവ്
പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് മസ്‌തിഷ്ക മരണം സംഭവിച്ച പെൺകുട്ടിയിലും രോഗ ബാധ കണ്ടെത്തിയത്. കൂടാതെ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌ത മലപ്പുറം മങ്കട സ്വദേശിനിക്കും പ്രാഥമിക പരിശോധനയിൽ നിപ ബാധ കണ്ടെത്തി. സ്ഥിരീകരണത്തിനായി സാമ്പിളുകൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ജൂലൈ ഒന്നിനാണ് 18കാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോൾ മസ്‌തിഷ്‌കമരണം സംഭവിച്ച നിലയിലായിരുന്നു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ, മെയ് 8ന് വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പിന്നീട്, നിപ നെഗറ്റീവായ ഈ രോഗി നിലവിൽ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.