Happy Onam 2025: പൂവേ പൊലി പൂവേ പൊലി… കള്ളവും ചതിയുമില്ലാത്ത നല്ല നാടിന്റെ ഓർമ്മ; നിറമനസിൽ ഇന്ന് തിരുവോണം
Happy Thiruvonam 2025: മുറ്റത്ത് തുമ്പയും തെറ്റിയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ചേർത്ത് പത്ത് കളത്തിൽ പൂക്കളമൊരുങ്ങുമ്പോൾ, അടുക്കളയിൽ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾ കെങ്കേമമാകും. പഞ്ഞമാസം കഴിഞ്ഞ് ചിങ്ങം മാസമെത്തുന്നതോടെ മലയാളികൾക്ക് കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്.
മലയാളികൾ കാത്തിരുന്ന പൊന്നോണം വന്നെത്തിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാടിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കും. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിൻ്റെയും നല്ലൊരു ദിവസമാണ് മലയാളികൾക്ക് തിരുവോണം. മതവും ജാതിയുമില്ലാതെ ഏവരും ഒരുപോലെ കൊണ്ടാടുന്ന സുദിനം. പൂക്കളവും പുത്തൻ കോടിയും ഓണസദ്യയും ഓണക്കളികളും എന്നിങ്ങനെ ആഘോഷത്തിൻ്റെ മാത്രം ദിവസമാണ് ഇന്ന്.
മുറ്റത്ത് തുമ്പയും തെറ്റിയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ചേർത്ത് പത്ത് കളത്തിൽ പൂക്കളമൊരുങ്ങുമ്പോൾ, അടുക്കളയിൽ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾ കെങ്കേമമാകും. പഞ്ഞമാസം കഴിഞ്ഞ് ചിങ്ങം മാസമെത്തുന്നതോടെ മലയാളികൾക്ക് കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ അന്ന് മുതൽ ആരംഭിക്കുന്ന്. ഇന്നിതെല്ലാം വിരളമാണെങ്കിലും തിരുവോണം മലയാളികൾക്ക് ആഘോഷമാണ്.
അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്നത്തോടെ അവസാനമാവുകയാണ്. ചില നാടുകളിൽ 28ാം ഓണവും ഉണ്ട്. എന്നാൽ ചിലയിടങ്ങളിൽ തിരുവോണത്തോടെ ഓണാഘോഷം ഏതാണ്ട് പൂർത്തിയാകും. പിന്നീടുള്ള ദിവസങ്ങളിൽ ബന്ധുവീടുകളിൽ പോകുകയും അവധിയാഘോഷിക്കാൻ മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.




പൂക്കളം
അത്തം തുടങ്ങിയാൽ കേരളത്തിൽ വീടുകളിൽ പൂക്കളവും ഒരുങ്ങും. അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതാണ് രീതി. ആദ്യ ദിനം ഒരു കളം പൂക്കളത്തിൽ തുടങ്ങി പത്താം നാളായ തിരുവോണ ദിവസം പത്ത് കളത്തിൽ തീർക്കുന്നതാണ് പൂക്കളം. ഇന്ന് പത്താം നാൾ എത്തിയിരിക്കുകയാണ്. പത്ത് കളത്തിൽ പല നിറങ്ങളിലുള്ള പൂക്കൾകൊണ്ട് തീർക്കുന്ന വർണാഭമായ കാഴ്ച്ചയാണ് ഇത്. പല നാടുകളിലും പൂക്കളം ഒരുക്കുന്നതിൽ ചില മാറ്റങ്ങളൊക്കെയുണ്ട്. ചിലർ ഓണത്തപ്പനെ പൂക്കളത്തിന് നടുവിലായി വയ്ക്കും.
ഓണസദ്യ
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങൾക്കുള്ള തിരക്ക് തുടങ്ങുകയായി. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പി കഴിക്കണം. ഉപ്പേരി മുതൽ പായസം വരെയുള്ള കെങ്കേമമായ സദ്യയാണ് തിരവോണസദ്യ. തൂശനിലയിൽ പഴം പപ്പടം, ഉപ്പേരി, അവിയൽ, തോരൻ, കാളൻ, പച്ചടി, കിച്ചടി, അച്ചാർ, നല്ല ചൂട് ചോറും അതിന്മേൽ ചൂട് പരിപ്പും ഒഴിച്ചൊരു പിടി. പിന്നീട് സാമ്പാറും കൂട്ടിയാണ് കഴിക്കുക. അപ്പോഴേക്കും പ്രഥമനോ പാൽപായമോ എത്തും. ഇത് കഴിഞ്ഞ് പുളിശ്ശേരികൂട്ടിയൊരു ഊണ്. ഇതോടെ തിരുവോണം കളറാകും. പിന്നെ ഓണക്കളികളും മറ്റുമായി മലയാളുകളുടെ ഓണാഘോഷത്തിന് അന്ത്യം കുറിക്കുന്നു.