Onam bonus 2025: ഇത്തവണ ഓണം ബോണസ് നേരത്തേ എത്തും, തിരുമാനങ്ങളിങ്ങനെ
Onam benefits and Bonus: ബോണസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍, അവ വേഗത്തില്‍ പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

V Sivankutty
തൃശൂര്‍: ഈ ഓണക്കാലത്ത് തൊഴിലാളികള്‍ക്കുള്ള ബോണസും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന തീരുമാനങ്ങള്‍
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ബോണസ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. നിലവില്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഈ ഫയലിന് അംഗീകാരം ലഭിച്ചാലുടന്‍ ബോണസ് നിശ്ചയിച്ച് വിതരണം ചെയ്യും.
കയര്‍, കശുവണ്ടി മേഖല: ഈ മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള ബോണസ് തീരുമാനിക്കാന്‍ അടിയന്തരമായി വ്യവസായ ബന്ധ സമിതികളുടെ യോഗം വിളിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തര്‍ക്കപരിഹാരം: ബോണസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍, അവ വേഗത്തില്‍ പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങള്‍ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ക്കും, തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ക്കും കൈമാറും.
മറ്റ് ആനുകൂല്യങ്ങള്‍
ബോണസിന് പുറമെ, ഈ ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എക്‌സ്-ഗ്രേഷ്യാ ധനസഹായം: പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെയും തോട്ടം തൊഴിലാളികള്‍ക്കുമുള്ള എക്‌സ്-ഗ്രേഷ്യാ ധനസഹായം (2000 രൂപ വീതം) നല്‍കാനുള്ള ഫയലുകള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
ഇന്‍കം സപ്പോര്‍ട്ട് സ്‌കീം: പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ക്ക് ഈ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള ഫയലുകളും കൈമാറിയിട്ടുണ്ട്.
അരി വിതരണം: പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് 10 കിലോ അരി വിതരണം ചെയ്യാനുള്ള ഫയലിനും അംഗീകാരം തേടിയിട്ടുണ്ട്.
ഓണക്കിറ്റ്: പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും പരിഗണനയിലാണ്.
ഈ ആനുകൂല്യങ്ങള്‍ ഓണത്തിന് മുന്‍പ് തന്നെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓണക്കാലം തര്‍ക്കരഹിതമായിരിക്കാന്‍ ട്രേഡ് യൂണിയനുകളുടെ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.