Kerala Online Taxi Strike: യാത്രക്കാർ ശ്രദ്ധിച്ചോ; സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി സമരം
Kerala Online Taxi Strike: തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. രാവിലെ 10 മണിക്ക് എറണാകുളം ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. സംയുക്ത സംഘടനയായ ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.
യൂബർ അടക്കമുള്ള വൻകിട ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ, തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. രാവിലെ 10 മണിക്ക് എറണാകുളം ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓൺലൈൻ ടാക്സികൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തുക, ഓൺലൈൻ ടാക്സി കമ്പനികളെ സർക്കാർ നിയന്ത്രിക്കുക, ഓൺലൈൻ ടാക്സി മേഖലയിൽ നിയമനിർമാണം നടപ്പിലാക്കുക, ഡ്രൈവർമാർക്ക് മിനിമം വേതനവും തൊഴിലവകാശങ്ങളും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, സമരം ഏറ്റവും കൂടുതൽ ബാധിക്കുക കൊച്ചി നഗരത്തെയായിരിക്കും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.