OR Kelu: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത അതിജീവിതരുടെ പുനരധിവാസം; ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി ഒ ആർ കേളു
Wayanad rehabilitation: 60 പ്ലോട്ടുകളാണ് തിരിച്ചത്. 27 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചു. തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരുമായി ഏകദേശം 150 പേര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. അതിവേഗം അതിജീവനം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി

ഒ.ആര്‍. കേളു
കല്‍പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത അതിജീവിതരുടെ പുനരധിവാസം അതിവേഗമെന്ന് മന്ത്രി ഒ.ആര്‍. കേളു. എന്ത് പ്രതിസന്ധി നേരിട്ടാലും പുനരധിവാസം വേഗം സാധ്യമാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രി പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മാതൃകാ വീടിന്റെ വാര്‍പ്പ് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ ഇതിനായി 64 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിരുന്നു. ഇവിടെയാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. നിര്‍മ്മാണം അഞ്ച് സോണുകളായി തിരിച്ചാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതില്‍ ഒന്നാമത്തെ സോണിലെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 99 വീടുകള്‍ സോണ്‍ ഒന്നില്‍ തയ്യാറാകും. ഇതിനായി ഏഴ് സെന്റ് വീതമുള്ള വിവിധ പ്ലോട്ടുകളായി തിരിച്ചിരുന്നു.
Read Also: Pinarayi Vijayan: വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
60 പ്ലോട്ടുകളാണ് തിരിച്ചത്. 27 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചു. തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരുമായി ഏകദേശം 150 പേര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. അതിവേഗം അതിജീവനം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു. ദുരന്തബാധിതരുടെ താമസത്തിനുള്ള വാടക തുക ഉടന്‍ നല്‍കുന്നതിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.