Kannur Corporation Mayor: കണ്ണൂർ മേയറായി പി.ഇന്ദിര; പ്രഖ്യാപനം നടത്തി കെ സുധാകരന്‍
Kannur Corporation Mayor P Indira: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്.

P Indira
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ പുതിയ മേയറായി പി. ഇന്ദിരയെ തിരഞ്ഞെടുത്തു. നിലവിലെ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാന്‍ തീരുമാനിച്ചതെന്ന് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും സുധാകരൻ പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കണ്ണൂരിന്‍റെ മുഖഛായ മാറ്റും എന്നും ഇന്ദിര പറഞ്ഞു. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമാണ്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഇന്ദിരയ്ക്ക് തുണയായി.
Also Read:‘സിനിമാ പ്രമോഷനായി വിദേശത്തുപോകണം’; ദിലീപിന്‍റെ പാസ്പോര്‍ട്ട് വിട്ടു നല്‍കും
പയ്യാമ്പലം ഡിവിഷനിൽ നിന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടത്. 48 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2015-ൽ കണ്ണൂർ കോർപ്പറേഷനായത് മുതൽ തുടർച്ചയായി മൂന്ന് തവണയും ഇന്ദിര കൗൺസിലറായിട്ടുണ്ട്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. ഇടതുമുന്നണി 15 ഡിവിഷനുകളില്‍ ഒതുങ്ങി. നാല് ഡിവിഷനുകളാണ് എന്‍ഡിഎ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നേടിയത്.