Paliyekkara Toll Plaza: ടോൾ പിരിക്കേണ്ട; ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി
Paliyekkara Toll Plaza: ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.
ന്യൂഡൽഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ ടോൾ പിരിവ് തടഞ്ഞതിന് എതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ALSO READ: കേരളാ ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം, ദുർഗന്ധവും ശല്യവും സഹിക്കാനാകാതെ നടപടികള്‍ തടസപ്പെട്ടു
അടിപാതകളുടെയും ബ്ലാക്ക് സ്പോട്ടുകളുടെയും നിർമ്മാണത്തിന്റെ ഉപകരാർ പിഎസ് ടി എഞ്ചിനീയറിംഗ് എന്ന കമ്പനിക്കാണ്, ഇവർ പണി സമയബന്ധിതമായി പൂർത്തിയാക്കത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരാർ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രന്‍ഷന്‍സ് വാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഹൈക്കോടതിയിലെ കേസിൽ ഉപകരാർ ഉള്ള പിഎസ് ടി എഞ്ചനീയറിംഗിനെ കക്ഷിയാക്കാനും ഉത്തരവിട്ടു. ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.