Thrissur Students Clash: ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലി ഏറ്റുമുട്ടൽ; പ്ലസ് വൺ വിദ്യാർത്ഥിയുടെ തലയോട്ടി പൊട്ടി, ഗുരുതര പരിക്ക്
Plus One Student Seriously Injured: ഏറ്റുമുട്ടലിൽ ആൽവിന്റെ തലയോട്ടി പൊട്ടുകയും മൂക്കിൻ്റെ പാലം തകരുകയും ചെയ്തു. നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതീകാത്മക ചിത്രം
കാഞ്ഞാണി (തൃശ്ശൂർ): ഇൻസ്റ്റഗ്രാമിലെ പോസ്റ്റിനെ ചൊല്ലി സ്‌കൂൾമുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർഥികൾ. ഏറ്റുമുട്ടലിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞാണി നീലങ്കാവിൽ ജെയ്സന്റെ മകൻ ആൽവിനാണ് (16) പരിക്കേറ്റത്. കാരമുക്ക് എസ്എൻജിഎസ് സ്കൂളിലെ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ആൽവിൻ.
ഏറ്റുമുട്ടലിൽ ആൽവിന്റെ തലയോട്ടി പൊട്ടുകയും മൂക്കിൻ്റെ പാലം തകരുകയും ചെയ്തു. വിദ്യാർത്ഥി നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്‌ച (ഓഗസ്റ്റ് 5) രാവിലെ ഇടവേള സമയത്തായിരുന്നു സംഭവം. കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആൺകുട്ടികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. നേരത്തേ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട് വിദ്യാർഥികൾ ചേരിതിരിഞ്ഞ് പോർവിളി നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിലേക്ക് നയിച്ചത്.
ഇത് കണ്ട് ഓടിയെത്തിയ അധ്യാപകർ കുട്ടികളെ പിടിച്ചുമാറ്റി. എന്നാൽ, ഇതിനിടയിൽ ആൽവിൻ തനിച്ചായിപ്പോയി. ഈ തക്കം നോക്കി മറ്റ് വിദ്യാർഥികൾ കൂട്ടംചേർന്ന് ആൽവിനെ മർദ്ദിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ആൽവിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും വിദ്യാർത്ഥികൾക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകർക്കും നിസ്സാര പരിക്കുകളുണ്ട്.
ALSO READ: ചേട്ടാ എന്ന് വിളിച്ചില്ല, പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം
സംഭവത്തിൽ ആൽവിന്റെ പിതാവ് ജെയ്‌സൻ ബുധനാഴ്ച പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആൽവിനെ ആക്രമിച്ച 22 വിദ്യാർഥികൾക്കെതിരെ അന്തിക്കാട് പോലീസ് കേസെടുത്തു. അടുത്ത ദിവസം സ്‌കൂൾ പിടിഎ യോഗം നടക്കും. തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ മാനേജർ സിഎസ് പ്രദീപ് പറഞ്ഞു.