Railway Update: നിലമ്പൂർ റോഡ് – ഷൊർണൂർ മെമുവിന് അധിക സ്റ്റോപ്പ്; നിർണായക പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ
Shoranur To Nilambur Road Memu: ഷൊർണൂരിൽ നിന്ന് നിലമ്പൂർ റോഡ് വരെ സർവീസ് നടത്തുന്ന മെമു ട്രെയിന് അധിക സ്റ്റോപ്പ് അനുവദിച്ചു. ഈ മാസം 17 മുതലുള്ള സർവീസുകൾ ഈ സ്റ്റോപ്പിലും നിർത്തും.

ട്രെയിൻ
ഷൊർണൂരിൽ നിന്ന് നിലമ്പൂർ റോഡ് വരെയും തിരികെയും സർവീസ് നടത്തുന്ന മെമുവിന് അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചു. ഈ മാസം 17 മുതലുള്ള സർവീസുകൾക്കാണ് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചത്. ഇക്കാര്യം ദക്ഷിണ റെയിൽവേ തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 66326 ഷൊർണൂരിൽ നിന്ന് നിലമ്പൂർ റോഡ് വരെ സർവീസ് നടത്തുന്ന മെമു പാസഞ്ചർ തുവ്വൂരിലാണ് അധികമായി നിർത്തുക. രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ 9.24ന് തുവ്വൂരിൽ എത്തും. ഒരു മിനിട്ട് മാത്രമാണ് ഇവിടെ നിർത്തുക. 10.5ന് നിലമ്പൂരിലെത്തും. തിരികെ നിലമ്പൂരിൽ നിന്ന് ഷൊർണൂർ വരെ സർവീസ് നടത്തുന്ന ട്രെയിൻ പുലർച്ച 3.10ന് സർവീസ് ആരംഭിക്കും. 3.30ന് തുവ്വൂരിൽ എത്തുന്ന ട്രെയിൻ ഒരു മിനിട്ട് നിർത്തിയ ശേഷം 4.20ന് ഷൊർണൂരിൽ എത്തും.
ക്രിസ്തുമസ് പുതുവത്സര ട്രെയിൻ
ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ട്രെയിനും പ്രഖ്യാപിച്ചിരുന്നു. സീസണിലെ തിരക്ക് പരിഗണിച്ച് ഗുജറാത്തിലെ വഡോദരയിൽ നിന്ന് കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്. ഡിസംബർ, ജനുവരി മാസങ്ങളിലായി ആകെ എട്ട് സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇരു വശത്തേക്കും നാല് വീതം സർവീസുകളാണ് ഉണ്ടാവുക.
ഡിസംബർ 20 മുതൽ ജനുവരി 10 വരെ എല്ലാ ശനിയാഴ്ചകളിലുമാണ് വഡോദരയിൽ നിന്ന് കോട്ടയത്തേക്കുള്ള സർവീസ്. ട്രെയിൻ നമ്പർ 09124 ഡിസംബർ 20, 27, ജനുവരി 3, 10 തീയതികളിലാണ് സർവീസ് നടത്തുക. തിരികെ ഡിസംബർ 21 മുതൽ എല്ലാ ശനിയാഴ്ചകളിലും ജനുവരി 11 വരെ ട്രെയിൻ നമ്പർ 09123 സർവീസ് നടത്തും.