Railway Update: സത്യസായി ബാബയുടെ നൂറാം ജന്മവാർഷികം; തിരുവനന്തപുരത്തുനിന്ന് പ്രത്യേക ട്രെയിൻ സർവീസ്
Special Train Service To Sathya Sai Prasanthi Nilayam: തിരുവനന്തപുരത്തുനിന്ന് ശ്രീ സത്യസായ് പ്രശാന്തിനിലയത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്. ഇക്കാര്യം ദക്ഷിണ റെയിൽവേ തന്നെ അറിയിച്ചു.
സത്യസായി ബാബയുടെ നൂറാം ജന്മവാർഷികത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രത്യേക ട്രെയിൻ സർവീസ്. തിരുവനന്തപുരം നോർത്തിൽ നിന്ന് ആന്ധ്രാപ്രദേശ് പുട്ടപർത്തിയിലെ സത്യസായ് പ്രശാന്തിനിലയം റെയിൽവേ സ്റ്റേഷനിലേക്കാണ് പ്രത്യേക സർവീസ് നടത്തുക. ഈ റൂട്ടിൽ തിരിച്ചും സർവീസുണ്ട്.
ട്രെയിൻ നമ്പർ 06067 തിരുവനന്തപുരം നോർത്തിൽ നിന്ന് സത്യസായ് പ്രശാന്തിനിലയത്തിലേക്ക് നവംബർ 23നാണ് സർവീസ്. വൈകുന്നേരം 6.05ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസ് നവംബർ 24 ഉച്ചകഴിഞ്ഞ് 1.30ന് പ്രശാന്തിനിലയത്തിലെത്തും. തിരികെ ട്രെയിൻ നമ്പർ 06068 സത്യസായ് പ്രശാന്തിനിലയത്തിൽ നിന്ന് സർവീസ് ആരംഭിക്കുക നവംബർ 25 രാത്രി 9 മണിക്കാണ്. നവംബർ 26 വൈകുന്നേരം ആറ് മണിക്ക് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ എത്തും.
കോട്ടയം- പാലക്കാട് വഴിയാണ് സർവീസ് നടക്കുക. വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
കൊച്ചി മെട്രോ
അതേസമയം, തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തോടനബുന്ധിച്ച് കൊച്ചി മെട്രോ സർവീസ് നീട്ടി. ഈ മാസം 19 ബുധനാഴ്ച മുതൽ സർവീസ് നീട്ടിയെന്ന് കൊച്ചി മെട്രോ തന്നെ അറിയിച്ചു. സാധാരണ രാത്രി 10.30 വരെയുള്ള സർവീസ് ഒരു മണിക്കൂർ നീട്ടി 11.30 വരെയാക്കി. എന്ന് വരെയാണ് സമയം നീട്ടിയതെന്ന് വ്യക്തമല്ല. നവംബർ 19 മുതൽ 26 വരെയാണ് തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്ര മഹോത്സവം.
തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കുള്ള സർവീസ് രാത്രി 11.30 വരെ നീളും. സാധാരണ സർവീസ് 10.30 വരെയാണ്. അതിന് ശേഷം 20 മിനിട്ട് ഇടവിട്ട് 11.30 വരെ സർവീസ് ഉണ്ടാവും. എന്നാൽ, തിരികെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സർവീസ് സാധാരണ സമയം വരെ മാത്രമേ ഉണ്ടാവൂ.