Railway Update: ഈ ട്രെയിനുകളുടെ നമ്പർ മാറിയിട്ടുണ്ടേ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണികിട്ടാതെ ശ്രദ്ധിക്കുക
Trains Number Changed: വിവിധ ട്രെയിനുകളുടെ നമ്പരിൽ മാറ്റം. പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറ്റുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

ട്രെയിൻ
വിവിധ ട്രെയിൻ സർവീസുകളുടെ നമ്പർ മാറ്റി ദക്ഷിണ റെയിൽവേ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ 26 ട്രെയിൻ സർവീസുകളുടെ നമ്പരാണ് മാറ്റിയത്. കണ്ണൂർ – മംഗളൂരു സെൻട്രൽ പാസഞ്ചർ സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ നമ്പർ മാറിയിട്ടുണ്ട്. ഇതിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ നമ്പരുകൾ പ്രാബല്യത്തിൽ വരും.
കണ്ണൂരിൽ നിന്ന് മംഗളൂരു സെൻട്രലിലേക്കും തിരിച്ചുമുള്ള പാസഞ്ചർ ട്രെയിൻ്റെ നമ്പരുകൾ മാറിയിട്ടുണ്ട്. കണ്ണൂർ – മംഗളൂരു സർവീസിൻ്റെ നമ്പർ 56717 ഉം തിരികെയുള്ള സർവീസിൻ്റെ നമ്പർ 56718ഉമായിരുന്നു. ഇത് യഥാക്രമം 56703, 56704 എന്നാക്കി മാറ്റി. നമ്പർ മാറ്റിയ ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിൽ സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകൾ ഇല്ല. തമിഴ്നാട്ടിലെ തിരുനൽവേലി, തിരുച്ചെന്തൂർ, മധുര, തൂത്തുക്കുടി, ദിണ്ടിഗൽ, ചെങ്കോട്ട തുടങ്ങി വിവിധ ഇടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളുടെയൊക്കെ നമ്പർ മാറും. ഇതെല്ലാം പാസഞ്ചർ ട്രെയിനുകളാണ്.
കോയമ്പത്തൂരിൽ നിന്ന് ഹരിദ്വാറിലേക്ക് ദക്ഷിണ റെയിൽവേ ക്രിസ്തുമസ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. പാലക്കാട്, കോഴിക്കോട് , മംഗലാപുരം വഴിയാണ് സർവീസ് നടത്തുന്നതാണ് ട്രെയിൻ. ട്രെയിൻ നമ്പർ 06043 ഡിസംബർ 24 മുതൽ സർവീസ് ആരംഭിക്കും. രാവിലെ 11.15ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 27 ശനിയാഴ്ച പുലർച്ചെ 12.05ന് ട്രെയിൻ ഹരിദ്വാറിലെത്തും. തിരികെ ട്രെയിൻ നമ്പർ 06044 ഡിസംബർ 30 10.30ന് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ട് ജനുവരി രണ്ട് പുലർച്ചെ നാല് മണിക്ക് കോയമ്പത്തൂരിൽ സർവീസ് അവസാനിപ്പിക്കും.