Rajeev Chandrasekhar: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍
Rajeev Chandrasekhar slams Kerala government: കള്ളപ്രചരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പിണറായി വിജയനും, അദ്ദേഹത്തിന്റെ മരുമകനും, സംഘവും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റി നടപ്പാക്കുന്ന പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നുണപ്രചരണങ്ങളിലൂടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നഗരങ്ങളെ ആധുനികമാക്കുക എന്ന ലക്ഷ്യത്തോടെ 2015ല്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇതെന്നും, ഇന്ത്യയിലെ 100 നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 500 കോടി രൂപ വീതം നല്‍കിയെന്നും രാജീവ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പല കേന്ദ്ര പദ്ധതികളെയും പോലെ ഈ പദ്ധതിയിലും കാലതാമസം വരുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പല തവണ കാലാവധി നീട്ടിനല്‍കി. സംസ്ഥാനത്തിന് 1000 കോടി രൂപയുടെ പദ്ധതികള്‍ നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തിയതായും രാജീവ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഫണ്ടിങ്, ആസൂത്രണം, മേല്‍നോട്ടം എന്നിവ വഹിച്ചത്. റോഡുകളുടെ രൂപകല്‍പന നടത്തിയത് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ്. എല്‍ഇഡി ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയവ നിര്‍മിച്ചതും കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇതെല്ലാം മറച്ചുവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നുണപ്രചരണങ്ങള്‍ നടത്തി ഈ പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റ് സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പിണറായി വിജയനും, അദ്ദേഹത്തിന്റെ മരുമകനും, സംഘവും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റി നടപ്പാക്കുന്ന പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
കള്ളപ്രചരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അവരുടെ അവകാശവാദങ്ങള്‍ക്കപ്പുറം കേരളത്തിന്റെ യഥാര്‍ത്ഥ വികസനം മോദി സര്‍ക്കാരിന് മാത്രമാണ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നത്. ഈ പദ്ധതിക്ക് പുറമേ ലോകോത്തര തുറമുഖങ്ങള്‍, വന്ദേഭാരത് ട്രെയിനുകള്‍, ആധുനിക റെയില്‍വേ സ്‌റ്റേഷനുകള്‍, ദേശീയ പാത വികസനം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ പുരോഗതി കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ, കേരളത്തിന് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.