Nedumbassery Ivin Jijo’s Death: കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചു, നിലവിളിച്ചിട്ടും കാർ നിർത്തിയില്ല; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Nedumbassery Ivin Jijo Death Remand Report: ബോണറ്റിനുമേൽ തങ്ങിനിന്ന ഐവിനെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പ്രതികൾ മനപ്പൂർവ്വം ബ്രേക്ക് ചെയ്ത് ബോണറ്റിൽ നിന്ന് താഴേക്ക് വീഴ്ത്തി. തുടർന്ന് കാറിനടിയിൽ പെട്ട ഐവിനെ 37 മീറ്ററോളം ദൂരം വലിച്ചിഴച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അങ്കമാലി: ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയെ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഐവിനെ കാർ ഇടിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചതായും റിപ്പോർട്ടിലുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാർ ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കം ഉണ്ടായ സമയത്ത് ഐവിൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. പ്രതികൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വന്ന ശേഷം പോയാൽ മതി എന്ന് ഐവിൻ പറഞ്ഞതായാണ് വിവരം. ഇത് പ്രതികളെ പ്രകോപിപ്പിച്ചതായും, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി വിനയ് കുമാറും രണ്ടാം പ്രതി മോഹനനും ഐവിനെ കാറിടിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബോണറ്റിനുമേൽ തങ്ങിനിന്ന ഐവിനെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പ്രതികൾ മനപ്പൂർവ്വം ബ്രേക്ക് ചെയ്ത് ബോണറ്റിൽ നിന്ന് താഴേക്ക് വീഴ്ത്തി. തുടർന്ന് കാറിനടിയിൽ പെട്ട ഐവിനെ 37 മീറ്ററോളം ദൂരം വലിച്ചിഴച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുവാവ് നിലവിളിച്ചെങ്കിലും പ്രതികൾ കാർ നിർത്താൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
ALSO READ: മേപ്പാടിയിലെ ‘ബോച്ചെ തൗസന്റ് ഏക്കറി’ൽ തീപിടുത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി
അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ഐവിൻ ജിജോയുടെ മൃതദേഹം വെള്ളിയാഴ്ച തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്‌കരിച്ചു. നെടുമ്പാശ്ശേരി കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ഗ്രൂപ്പിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ഐവിൻ. ബുധനാഴ്ച തുറവൂരിലെ വീട്ടിൽ നിന്ന് ജോലിക്കായി കാറിൽ പുറപ്പെട്ടതായിരുന്നു ഐവിൻ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോമ്പ്ര ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.