Ration Distribution: ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും; നടപടി ഇ പോസ് കമ്പനിയുടെ ആവശ്യപ്രകാരം
Ration Distribution Will Start Only From Today Afternoon: ജൂൺ മാസത്തെ റേഷൻ വിതരണം ആരംഭിക്കുക ഇന്ന് ഉച്ചയ്ക്ക് ശേഷം. ഭക്ഷ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ ആരംഭിക്കൂ എന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. ഇ പോസ് യന്ത്രങ്ങൾ സജ്ജമാക്കുന്ന ഹൈദരാബാദ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിൻ്റെ ആവശ്യപ്രകാരമാണ് തീരുമാനം. ഇക്കാര്യം ഭക്ഷ്യമന്ത്രി ജി ആർ അനിലിൻ്റെ ഓഫീസ് അറിയിച്ചു.
മഴക്കെടുതി ബാധിച്ച കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മെയ് മാസത്തെ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ മെയ് മാസത്തെ റേഷൻ വിതരണത്തിനായി ഒരു ദിവസം കൂടി നീട്ടിനൽകിയിരുന്നു. ഇത് ഈ മാസം അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ഇതിന് ശേഷം ഇ പോസ് യന്ത്രങ്ങൾ സജ്ജമാക്കാൻ ഇന്ന് ഉച്ചവരെ സാവകാശം വേണമെന്ന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് ഉച്ചകഴിഞ്ഞ് റേഷൻ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്.
Also Read: Pink Ration Card Application: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡാക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ..
വെള്ള കാർഡ് ഉടമകൾക്ക് ഈ മാസവും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 6 കിലോ അരി റേഷൻ വിഹിതമായി ലഭിക്കും. നീല കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിലക്കിലാവും ലഭിക്കുക. ഇത് സാധാരണ വിഹിതമാണ്. സ്പെഷ്യൽ വിഹിതമായി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അരിയും നീല കാർഡ് ഉടമകൾക്ക് ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം റേഷൻ വിതരണം ആരംഭിക്കുമെങ്കിലും നാളെ റേഷൻ കടകൾക്ക് ബക്രീദ് അവധിയാണ്.