Ration Shops: രാവിലെ പോകരുതേ, റേഷൻ കടകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം
Ration shops Today's Timing: ഉത്രാട ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Ration Shop
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളിലെ പ്രവർത്തന സമയത്തിൽ മാറ്റം. റേഷൻ കടകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇന്ന് ഉച്ച കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് റേഷൻ കമ്മിഷണർ ജില്ലാ സപ്ലൈഓഫീസർമാർക്ക് നിർദേശം നൽകി. ഈ മാസത്തെ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായും സെപ്റ്റംബറിലെ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി ഇ പോസിൽ ക്രമീകരണം നടത്താൻ വൈകുന്നതിനാലാണ് സമയമാറ്റം.
അതേസമയം, ഇന്ന് (2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഉത്രാട ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
റേഷൻ കടകൾ വഴി ഇനി പാസ്പോർട്ട് അപേക്ഷയും; പുതിയ സേവനങ്ങൾ ഇങ്ങനെ
‘കെ സ്റ്റോർ’ ആക്കുന്ന റേഷൻ കടകളിൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉൽപന്നങ്ങളും കെ-സ്റ്റോർ വഴി ലഭിക്കും. ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കുമെന്നും കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകുമെന്നും മന്ത്രി അറിയിച്ചു.