Ravada Chandrasekhar: പുലർച്ചെ തലസ്ഥാനത്തെത്തി, സ്വീകരിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; രവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും
New Police Chief Ravada Chandrasekhar: ചുമതലയേറ്റെടുത്ത ശേഷം രവാഡ കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ (Ravada Chandrasekhar) ഇന്ന് ചുമതലയേൽക്കും. പോലീസ് ആസ്ഥാനത്ത് രാവിലെ ഏഴ് മണിക്കെത്തി രവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷമാണ് ചുമതലയേൽക്കുന്നത്. പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പോലീസ് മേധാവിയായി ചുമതലയേൽക്കുന്ന രവാഡയ്ക്ക് ബാറ്റൺ കൈമാറും.
ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി നിയുക്ത പോലീസ് മേധാവിയെ സ്വീകരിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രവാഡയെ പോലീസ് മേധാവിയായി നിയമിക്കാൻ തീരുമാനമായത്. ചുമതലയേറ്റെടുത്ത ശേഷം രവാഡ കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതിനിടെയാണ് രവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും ആരംഭിക്കുന്നത്.