Sabarimala Gold Plating Scam: ശബരിമലയില്‍ വീണ്ടും ‘രാഷ്ട്രീയപോരാട്ടം’; യുഡിഎഫിന്റ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് മുതല്‍
UDF Viswasa Samrakshana Yatra: വിശ്വാസ സംരക്ഷണ യാത്ര ഇന്ന് മുതല്‍. കെ. മുരളീധരനാണ് കാസര്‍കോട്ടെ ജാഥാ ക്യാപ്റ്റന്‍. കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവര്‍ യഥാക്രമം പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ജാഥാ ക്യാപ്റ്റന്‍മാരാകും

യുഡിഎഫ് പ്രതിഷേധം
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദം രാഷ്ട്രീയായുധമാക്കി യുഡിഎഫ്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് (ഒക്ടോബര്‍ 14) ആരംഭിക്കും. വിശ്വാസ വഞ്ചനയ്ക്കും സ്വര്‍ണ്ണക്കൊള്ളയ്ക്കുമെതിരെയാണ് വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു. കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഇന്നും, മൂവാറ്റുപുഴയില്‍ നിന്ന് നാളെയുമാണ് യാത്ര ആരംഭിക്കുന്നത്.
മുന്‍ എംപി കെ. മുരളീധരനാണ് കാസര്‍കോട്ടെ ജാഥാ ക്യാപ്റ്റന്‍. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവര്‍ യഥാക്രമം പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ജാഥാ ക്യാപ്റ്റന്‍മാരാകും. 18ന് പന്തളത്ത് വച്ചാണ് സമാപനം.
കാസര്‍കോട്
കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎല്‍എയാണ് ജാഥാ വൈസ് ക്യാപ്റ്റന്‍. പി.എം. നിയാസാണ് ജാഥാ മാനേജര്‍. ഇന്ന് കാഞ്ഞങ്ങാട്, കണ്ണൂര്‍, ഇരിട്ടി, നാളെ കല്‍പറ്റ, താമരശേരി, കൊയിലാണ്ടി, മുതലക്കുളം, 16ന് നിലമ്പൂര്‍, മലപ്പുറം, എടപ്പാള്‍, 17ന് ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകും.
പാലക്കാട്
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പാലക്കാട്ടെ യാത്ര ഉദ്ഘാടനം ചെയ്യും. മുന്‍ എംപി ടിഎന്‍ പ്രതാപനാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്‍. സി. ചന്ദ്രന്‍, കെ.പി. ശ്രീകുമാര്‍ എന്നിവരാണ് ജാഥാ മാനേജര്‍മാര്‍. ഇന്ന് തൃത്താല, പാലക്കാട്, വടക്കഞ്ചേരി, നാളെ ചേലക്കര, ഗുരുവായൂര്‍, തൃശൂര്‍ ടൗണ്‍, 16ന് ആലുവ, തൃപ്പൂണിത്തുറ, തുറവൂര്‍, 17ന് ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൂടെ പദയാത്ര കടന്നുപോകും.
തിരുവനന്തപുരം
തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. എംഎല്‍എ എം. വിന്‍സന്റാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്‍. പഴകുളം മധുവാണ് ജാഥാ മാനേജര്‍. ഇന്ന് ഗാന്ധി പാര്‍ക്ക്, നാളെ കാട്ടാക്കട, ചിറയിന്‍കീഴ്, കൊല്ലം, 16ന് ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂര്‍, കോന്നി, 17ന് റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൂടെയാണ് പദയാത്ര മുന്നോട്ടു പോകുന്നത്.
മൂവാറ്റുപുഴ
എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയാണ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വി.ടി. ബല്‍റാമാണ് ജാഥ വൈസ് ക്യാപ്റ്റന്‍. വി.പി. സജീന്ദ്രന്‍,സ ബി.എ. അബ്ദുല്‍ മുത്തലിബ് എന്നിവര്‍ ജാഥ മാനേജര്‍മാരാകും. നാളെ മൂവാറ്റുപുഴ, തൊടുപുഴ, പാല, 16ന് പൊന്‍കുന്നം, എരുമേലി, 17ന് തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൂടെ പദയാത്ര കടന്നുപോകും.