Kandararu Rajeevaru: സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; കണ്ഠരര് രാജീവര് അറസ്റ്റില്‍; എല്ലാം തന്ത്രിയുടെ തന്ത്രമോ?
Kandararu Rajeevaru Arrest: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. ചോദ്യം ചെയ്യുന്നതിനായി തന്ത്രിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. ചോദ്യം ചെയ്യുന്നതിനായി തന്ത്രിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം കൊള്ളയടിച്ച കാര്യം തന്ത്രിക്കറിയാമായിരുന്നെന്ന നിഗമനത്തിലാണ് എസ്‌ഐടി. പോറ്റിയുമായി തന്ത്രി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പ്രത്യേകാന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നേരത്തെ കൊച്ചിയിലെ എസ്‌ഐടി ഓഫീസില്‍ എത്തിച്ചാണ് തന്ത്രിയെ ചോദ്യം ചെയ്തത്. പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും, സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയതായും സൂചനയുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് കണ്ഠരര് രാജീവരെ വിളിച്ചുവരുത്തിയത്. കൊച്ചിയിലെ എസ്‌ഐടി ഓഫീസില്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ തന്ത്രിയെ ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വളരെ രഹസ്യമായാണ് എസ്‌ഐടി തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. തന്ത്രിയെ ചോദ്യം ചെയ്യുമെന്ന സൂചന പോലും എസ്‌ഐടി പുറത്തുവിട്ടിരുന്നില്ല. കേസില്‍ തന്ത്രിയുടെ പങ്കിനെക്കുറിച്ച് നേരത്തെ മുതല്‍ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ തന്ത്രപരമായ ഇടപെടലാണ് നടത്തിയത്.
ശബരിമലയിലെ എല്ലാ കാര്യത്തിലും തന്ത്രിയുടെ അനുമതികള്‍ ആവശ്യമാണ്. ഇതില്‍ തന്ത്രി നല്‍കിയ ചില അനുമതികള്‍ സംശയാസ്പദമാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച രാവിലെയാണ് കണ്ഠരര് രാജീവരരെ എസ്‌ഐടി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.
അന്വേഷണത്തിന് ഇഡിയും
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് കൊച്ചി യൂണിറ്റില്‍ ഇഡി രജിസ്റ്റര്‍ ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി ഇഡി സംശയിക്കുന്നു. ഇഡി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്ള മുഴുവന്‍ പേരെയും കേന്ദ്രീകരിച്ച് ഇഡി അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.