Sabarimala Gold Scam Case: ശബരിമല കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി എസ്‌ഐടി; പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും
Sabarimala Gold Scam Case Follow Up: എ പത്മകുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് അപേക്ഷ നല്‍കും. പത്മകുമാറിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പത്മകുമാറാണ് പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്നാണ് എസ്‌ഐടിയുടെ നിഗമനം. തട്ടിപ്പ് നടന്നതെന്ന് ബോര്‍ഡിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ചയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. കേസിലെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. എന്‍ വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
താന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സ്വാധീനമുണ്ടായിരുന്നുവെന്നും, തന്ത്രിയടക്കമുള്ളവരുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നെന്നും പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.
അതേസമയം, പത്മകുമാറിന്റെ വിദേശ യാത്രകളെക്കുറിച്ചും അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ നീക്കം. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം തട്ടിയെടുത്തതിന് ശേഷം പോറ്റി ഇംഗ്ലണ്ടിലേക്കും, ഈജിപ്തിലേക്കും പോയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. പോറ്റിയുടെ ഈ യാത്രകളില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
മറ്റ് പ്രതികളുടെയും വിദേശയാത്രാ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇതിനൊപ്പം പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികളെക്കുറിച്ചും അന്വേഷണം നടത്തും. ഇരുവരുടെയും ആദായനികുതി വിവരങ്ങള്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.
പത്മകുമാറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനം ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും. അതുകൊണ്ട് പത്മകുമാര്‍ ഇനി നല്‍കുന്ന മൊഴി കടകംപള്ളിക്കും നിര്‍ണായകമാണ്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജിയിലെ വാദവും ഇന്നാണ്.