Sabarimala Gold Scam Case: പത്മകുമാറിനെ കസ്റ്റഡിയില്‍ വേണം, എസ്‌ഐടിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും
A Padmakumar custody application: എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പ്രത്യേകാന്വേഷണസംഘത്തിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

A Padmakumar
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് എസ്‌ഐടി കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് സ്വര്‍ണ്ണക്കൊള്ള നടന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ നീക്കമുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. വ്യാഴാഴ്ചയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എന്‍ വാസു തുടങ്ങി അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായി. പോറ്റിയുടെ വിദേശ യാത്രകളില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.
അതേസമയം, എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് കൂടി നീട്ടി. വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിന് വിധി പറയും. വാദം പൂര്‍ത്തിയായിരുന്നു. സ്വര്‍ണ്ണപ്പാളികള്‍ പോറ്റിക്ക് കൈമാറിയത് വാസു വിരമിച്ചതിന് ശേഷമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സ്വര്‍ണ്ണക്കൊള്ള നടന്നത് വാസുവിന്റെ അറിവോടെയല്ലെന്നും, ആ സമയം വാസു ചുമതലയിലുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, വാസുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കൈവിലങ്ങില്‍ നടപടി?
അതിനിടെ, വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ എത്തിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഏതൊക്കെ പ്രതികള്‍ക്കാണ് കൈവിലങ്ങ് അണിയിക്കേണ്ടതെന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പൊലീസ് നടപടിയെന്ന് ഡിജിപിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. വാസുവിനെ വിലങ്ങ് അണിയിച്ചതില്‍ ഡിജിപിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. വാസുവിനെ വിലങ്ങ് അണിയിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.