Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Sabarimala Gold Scam Latest Update: ശബരിമല സ്വർണ്ണ കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകിയേക്കുമെന്നാണ് വിവരം.

Unnikrishnan Potty
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ 14 ദിവസമായിട്ട് പ്രത്യേക അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി. കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ച കേസിൽ കൂടി പോറ്റിയെ കസ്റ്റെഡിയിലെടുക്കാനുള്ള അപേക്ഷ എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. അതിന് ശേഷം മാത്രമെ കസ്റ്റഡി നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തത വരൂ. ശബരിമല സ്വർണ്ണ കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകിയേക്കുമെന്നാണ് വിവരം.
Also Read: തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾക്ക് അവധി, വിമാനത്താവളം അടച്ചിടും
അതേസമയം, മുരാരി ബാബുവിനെ രണ്ട് കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് നടത്തിയത്. ഇരുവരും സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ നടത്തിയത്. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർന്നെന്ന് ആരോപിക്കുന്ന സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ സ്വർണപാളി കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇനി സമയം നൽകാനാകാനാവില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.