Sabarimala Gold Scam: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റോ? പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala writes to SIT: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കത്ത് നല്‍കി. 500 കോടിയുടെ ഇടപാട് നടന്നെന്നാണ് ചെന്നിത്തലയുടെ ആരോപണം. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ചെന്നിത്തല എസ്‌ഐടിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. ഇതേക്കുറിച്ച് നേരിട്ട് അറിയാവുന്നയാളെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും, ചില വ്യവസായികള്‍ക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പുരാവസ്തുക്കള്‍ അപഹരിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ പരിചയമുണ്ട്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ ആ വ്യക്തി തയ്യാറല്ല. എന്നാല്‍ അന്വേഷണസംഘത്തിനും, കോടതിക്കും മുന്നില്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആ വ്യക്തി തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: Sabarimala Gold Scam: ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണത്തിന്റെ ഇന്നത്തെ മൂല്യം ഇത്രത്തോളമാണ്
എസ്‌ഐടി സംഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് ചെന്നിത്തല കത്ത് നല്‍കിയത്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് പുരാവസ്തു മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിവ് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
തനിക്ക് ലഭിച്ച വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി പരിശോധിച്ചു. ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇതിലുണ്ടെന്ന് മനസിലാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം അന്വേഷണസംഘത്തിന് കൈമാറുന്നതെന്നും ചെന്നിത്തല പറഞ്ഞു.