Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
Sabarimala Gold Theft Case: ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിൽ ഉണ്ടായിരുന്ന എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിൻ്റെ വാദം. മുൻ ബോർഡ് അംഗം എൻ വിജയകുമാറും കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതിനെ തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് നീട്ടും. അതേസമയം കേസിൽ അറസ്റ്റിലായ ഏത് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടില്ല.
Also Read: ശബരിമല സ്വർണക്കൊള്ള; കേസെടുക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രം
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്റ്റർചെയ്യാൻ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രാനുമതി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചശേഷം ഇ.ഡി. അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനു പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ചോദ്യംചെയ്ത എല്ലാവരിൽനിന്നും ഇ.ഡി.യും മൊഴിയെടുക്കും.