Sabarimala Rain alert: മകരജ്യോതി മഴ നനഞ്ഞു കാണേണ്ടി വരുമോ? ശബരിമലയിലെ ഇന്നത്തെ കാലാവസ്ഥ
Will Rain Affect the Makara Jyothi Darshan: ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കടിയിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി ശബരിമല സന്നിധാനത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർ കാത്തിരിക്കെ, ജില്ലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി പത്തനംതിട്ട ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥാ അപ്‌ഡേറ്റ്
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ ഇന്ന് വൈകിട്ട് മഴ പെയ്തേക്കാം. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും സമാനമായ മുന്നറിയിപ്പുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. മകരജ്യോതി ദർശന സമയത്ത് നേരിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ തീർത്ഥാടകർ മുൻകരുതൽ എടുക്കണം.
ALSO READ: സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കടിയിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നവരും ദർശനത്തിനായി കാത്തിരിക്കുന്നവരും ഇടിമിന്നൽ ജാഗ്രത പാലിക്കണം. കാനനപാതകളിലൂടെ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മകരജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തീർത്ഥാടകർ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കണ്ണൂർ, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലും വരും മണിക്കൂറുകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.