AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമലയില്‍ നിറപുത്തരി പൂജ; ഞായറാഴ്ച്ച നട തുറക്കും

Sabarimala Niraputhari: ശബരിമലയിൽ നിറപുത്തരി ഘോഷയാത്ര ഓഗസ്‌റ്റ് 11ന് 5 മണിക്ക് ആരംഭിക്കും. പൂജയുടെ ഭാഗമായി നാളെ ശബരിമല നട തുറക്കും.

Sabarimala: ശബരിമലയില്‍ നിറപുത്തരി പൂജ; ഞായറാഴ്ച്ച നട തുറക്കും
ശബരിമല ( Image Courtesy: Facebook)
Nandha Das
Nandha Das | Updated On: 10 Aug 2024 | 11:32 AM

നിറപുത്തരി പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. തിങ്കളാഴ്ച പുലർച്ചെ 5.45 നും 6.30 നും ഇടയ്ക്കാണ് നിറപുത്തരി പൂജകൾ നടക്കുക, അതിനായി രാവിലെ 4 മണിക്ക് നട തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

നിറപുത്തരി പൂജയ്ക്കായി പ്രത്യേകം കൃഷി ചെയ്ത നെൽക്കതിരുകൾ കറ്റകളാക്കി ഇരുമുടികെട്ടിനൊപ്പം ഭക്തർ സന്നിധാനത്ത് എത്തിക്കും. നിറപുത്തരിക്കായി എത്തിക്കുന്ന നെൽക്കതിരുകൾ കൊടിമര ചുവട്ടിൽ വയ്ക്കും. അവിടെ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ ജി സുന്ദരേശൻ, അഡ്വ. എ അജികുമാർ എന്നിവർ ചേർന്ന് അവ ഏറ്റുവാങ്ങും.

പതിനെട്ടാം പടിയില്‍ സമർപ്പിക്കുന്ന നെല്‍ക്കതിരുകള്‍ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും, മേല്‍ശാന്തി വി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് ആദ്യം തീർത്ഥം തളിച്ച്‌ ശുദ്ധിവരുത്തും. അതിനു ശേഷം നെൽക്കതിരുകൾ ആഘോഷപൂർവം സന്നിധാനം കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തന്ത്രി പൂജിച്ചശേഷം നെല്‍ക്കതിരുകള്‍ സോപാനത്ത് എത്തിച്ച്‌ വിഗ്രഹത്തിന് മുൻപാകെ വെയ്ക്കും. പ്രത്യേക പൂജയ്ക്ക് ശേഷം ദേവചൈതന്യം നിറച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിലും സോപാനത്തും കെട്ടിയശേഷം ഭക്തർക്ക് വിതരണംചെയ്യും. പൂജകള്‍ക്ക് ശേഷം തിങ്കളാഴ്‌ച രാത്രി 10 ന് നട അടക്കും.

അച്ചന്‍കോവില്‍, പാലക്കാട്‌ എന്നിവിടങ്ങളില്‍ നിന്നാണ് പൂജയ്ക്കുള്ള നെല്‍ക്കതിരുകള്‍ എത്തിക്കുന്നത്. നിറപുത്തരിക്കുള്ള നെൽക്കതിരുകളും വഹിച്ചുകൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ നിന്നുള്ള നിറപുത്തരി ഘോഷയാത്ര ഓഗസ്‌റ്റ് 11 ന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം സന്നിധിയിൽ നിന്ന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുമുള്ള സ്വീകരണങ്ങൾ ഏറ്റു വാങ്ങിയാകും സന്നിധാനത്ത് എത്തുക.

READ MORE: കാര്‍ഷിക സേവനങ്ങൾക്ക് ഇനി ‘കതിർ’ ആപ്പ്; ചിങ്ങം ഒന്ന്‌ മുതൽ നിലവിൽ വരും

നിറപുത്തരി പൂജ

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി പല പ്രദേശങ്ങളിൽ നിന്നും എത്തിക്കുന്ന നെൽക്കതിരുകൾ, പൂജ ദിവസം രാവിലെ പതിനെട്ടാം പടിയിൽ നിന്നും സ്വീകരിച്ച ശേഷം കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. ശേഷം തന്ത്രി നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. ഭഗവാന്റെ സന്നിധിയിൽ കതിരുകൾ സമർപ്പിച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം നട തുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് കതിരുകൾ പ്രസാദമായി എല്ലാവര്ക്കും വിതരണം ചെയ്യും.

സന്നിധാനത്ത് കൃഷി ചെയ്ത നെല്ല് കൊയ്താണ് ആദ്യം സമർപ്പിക്കുക. മാളികപ്പുറത്തിന് സമീപത്തായി പെട്ടികളിൽ മണ്ണ് നിറച്ച് പ്രത്യേക രീതിയിൽ വിളയിച്ചെടുത്ത നെല്ലാണ് സമർപ്പിക്കുന്നത്. ആറന്മുള, പാലക്കാട്, അച്ചൻകോവിൽ, ചെട്ടികുളങ്ങര, എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന നെൽക്കതിരുകളും നിറപുത്തരിക്കായി സമർപ്പിക്കാറുണ്ട്.