NK Premachandran: ‘കനകദുര്‍ഗയെയും, ബിന്ദു അമ്മിണിയെയും പമ്പയില്‍ എത്തിച്ചത് പൊലീസ് വാനില്‍, അവര്‍ക്ക് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു’
Sabarimala women entry controversy: ഷിബു ബേബി ജോണും, വി.ഡി. സതീശനും പറഞ്ഞപ്പോള്‍ തോന്നാത്ത വികാരമാണ് താന്‍ പ്രസംഗിച്ചപ്പോള്‍ ഉണ്ടായത്. സിപിഎം സൈബര്‍ സംഘത്തിന്റെ കടന്നാക്രമണത്തെ സ്വാഗതം ചെയ്യുന്നു. കാരണം അത് അവരുടെ മനസില്‍ വല്ലാതെ മുറിവേപ്പിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍

എൻകെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിവാദം വീണ്ടും സജീവമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. ആര്‍എസ്പി നേതാവും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയ ‘പൊറോട്ടയും ബീഫും’ പരാമര്‍ശമാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത്. കനകദുര്‍ഗയ്ക്കും, ബിന്ദു അമ്മിണിക്കും പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷം പൊലീസ് വാനില്‍ ആരും കാണാതെ വാഹനത്തില്‍ കിടത്തി അവരെ പമ്പയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന വിശ്വാസ സംഗമത്തില്‍ താന്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം അടിവരയിട്ട് പറഞ്ഞതാണെന്ന് തന്റെ പരാമര്‍ശത്തിലുറച്ചുകൊണ്ട് പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചു. പ്രേമചന്ദ്രന്റെ ഈ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യം ആദ്യം പറഞ്ഞത് ഷിബു ബേബി ജോണ്‍ ആണെന്ന് പത്രസമ്മേളനത്തില്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.
കോട്ടയത്ത് പൊലീസ് ക്ലബില്‍ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് അവരെ മല ചവിട്ടാന്‍ കൊണ്ടുപോയതെന്ന് ഷിബു ബേബി ജോണ്‍ ആദ്യമായി ഈ പ്രശ്‌നം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പമ്പാസംഗമം നടന്നപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതുസംബന്ധിച്ച് പറഞ്ഞതായി പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Also Read: വാജി വാഹനം തിരികെ വാങ്ങണം; ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ച് കണ്ഠരര് രാജീവര്
ഇക്കാര്യങ്ങള്‍ ഇതിന് മുമ്പ് ഷിബു ബേബി ജോണും, വി.ഡി. സതീശനും പറഞ്ഞപ്പോള്‍ തോന്നാത്ത വികാരമാണ് കഴിഞ്ഞ ദിവസം താന്‍ പ്രസംഗിച്ചപ്പോള്‍ ഉണ്ടായത്. സിപിഎം സൈബര്‍ സംഘത്തിന്റെ കടന്നാക്രമണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കാരണം അത് അവരുടെ മനസില്‍ വല്ലാതെ മുറിവേപ്പിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
2018 സെപ്തംബര്‍ 18നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിലവില്‍ വന്നത്. വിധിയുടെ അസല്‍ കോപ്പി ലഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പൊലീസുകാരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ത്രീപ്രവേശനം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായാണ് ഒക്ടോബര്‍ ഒമ്പതിന് രഹന ഫാത്തിമ പൊലീസിന്റെ അകമ്പടിയോടെ സന്നിധാനം വരെ എത്തിച്ചേര്‍ന്നത്. 2019 ജനുവരി രണ്ടിന് ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല കയറാന്‍ എത്തിയത് പൊലീസ് സംരക്ഷണത്തിലാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.