School Holiday: ഇന്ന് വിദ്യാലയങ്ങൾക്ക് അവധി ഒരു ജില്ലയിൽ മാത്രം; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
School Holiday Report Today: ഇന്ന് സംസ്ഥാനത്ത് അവധിയുള്ളത് ഒരു ജില്ലയിലെ വിദ്യാലയങ്ങളിൽ മാത്രം. സംസ്ഥാനത്ത് മഴ കുറയുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

സ്കൂൾ അവധി
ഇന്ന് വിദ്യാലയങ്ങൾക്ക് അവധി ഒരു ജില്ലയിൽ മാത്രം. സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തിലാണ് ഒരു ജില്ലയിൽ മാത്രം അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇന്ന് അവധിയുള്ളത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 30ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പ്രഖ്യാപിച്ചു. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കും.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും എറണാകുളം, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
Also Read: Kerala Rain Alert: മഴ മാറിയോ? സംസ്ഥാനത്ത് ഇന്നും മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ 13 ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. 10 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. രാവിലെ 11.50ഓടെയായിരുന്നു നടപടി. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിരുന്നു. പെരിയാറിൽ കുളിക്കാനിറങ്ങരുതെന്നും നദി മുറിച്ചുകടക്കരുതെന്നുമായിരുന്നു മുന്നറിയിപ്പ്. പ്രളയസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ എല്ലാവരും തയ്യാറാവണമെന്നും നിർദ്ദേശമുണ്ടായിരുന്നു.