Rabies Death: ‘എന്നെ കൊല്ലാൻ നിയമമുണ്ടോ… എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ’; നെഞ്ചുപൊട്ടി ഉമ്മ ഹബീറ
Rabies Child Death: മെമ്പറിനോട് പറഞ്ഞപ്പോൾ പട്ടിയെ കൊല്ലാന്‍ നിയമമില്ലെന്നാണ് പറഞ്ഞതെന്നും ഹബീറ പറയുന്നു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണെന്നും ഇക്കാര്യം പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും ഹബീറ കൂട്ടിച്ചേർത്തു.
കൊല്ലം: പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ മൂലം മരിച്ച ഏഴു വയസ്സുകാരി നിയാ ഫൈസലിന്റെ മരണവാർത്ത അറിഞ്ഞ് നെഞ്ചുപൊട്ടി ഉമ്മ ഹബീറ. വീടിനു സമീപത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് ഹബീറ പറയുന്നു. ഇക്കാര്യം പഞ്ചായത്തിൽ പോയി മെമ്പറിനോട് പറഞ്ഞപ്പോൾ പട്ടിയെ കൊല്ലാന്‍ നിയമമില്ലെന്നാണ് പറഞ്ഞതെന്നും ഹബീറ പറയുന്നു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണെന്നും ഇക്കാര്യം പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും ഹബീറ കൂട്ടിച്ചേർത്തു.
തന്റെ കുഞ്ഞിന്റെ ശരീരത്തിൽ പൈപ്പിടാൻ ഇനി ഒരു സ്ഥലം ബാക്കിയില്ലെന്നും തന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേയെന്നുമാണ് ഹബീറ ചോദിക്കുന്നത്. തന്നെ കൊല്ലാൻ നിയമമുണ്ടോ എന്ന് ചോദിച്ച് ഹബീറ വിതുമ്പി. കൊച്ചു ടിവിയും കണ്ടിരുന്ന കുഞ്ഞിനെ താനാണ് പാത്രം വാങ്ങിക്കാനായി അപ്പുറത്തെ വീട്ടിലേക്ക് പറഞ്ഞുവിട്ടതാണെന്നും മാതാവ് പറയുന്നു. താൻ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചത്. രാത്രി കതകടച്ചാൽ പത്തുമുപ്പത് പട്ടികൾ എത്തും. ഇനി ആ ശരീരത്തിൽ പൈപ്പിടാൻ സ്ഥലം ഇല്ലായിരുന്നുവെന്നും ഹബീറ കരച്ചിലടക്കാനാവാതെ പറഞ്ഞു.
Also Read:സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
പട്ടി കടിച്ച് മുറിവിനു ചുറ്റും വെക്കുന് ഇഞ്ചക്ഷൻ താലൂക്ക് ആശുപത്രിയിലേ ഉള്ളുവെന്നും അത് ഹെൽത്ത് സെന്‍ററിൽ വെച്ചാൽ എന്താണെന്നു ഹബീറ ചോദിക്കുന്നു. ഇവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്താൻ അരമണിക്കൂർ എടുക്കും അവിടെ നിന്ന് അരമണിക്കൂർ വേണം ടെസ്റ്റ് ഡോസ് എടുത്തിരിക്കാൻ. പട്ടി കടിച്ച ഉടൻ തന്നെ പണിക്കാർ കുട്ടിയെ എത്തിച്ച കഴുകി, അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഹബീറ പറയുന്നു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചത്. കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയാ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു നിയയ്ക്ക് നായയുടെ കടിയേറ്റത്. തുടര്‍ന്ന് ഏപ്രില്‍ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവെപ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.