SIR Kerala: കേരളത്തിലും എസ്‌ഐആർ, അടിസ്ഥാനം ആധാർ, തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമിത്?
SIR Implemented in Kerala: ഡിസംബർ 9 ന് പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 7 ന് അന്തിമ പട്ടികയുമെത്തും. ഈ അന്തിമപട്ടികയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

SIR Kerala
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്‌കരണം (Special Intensive Revision – SIR) ഒക്ടോബർ 28 മുതൽ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കേരളത്തിൽ തൊട്ടടുത്ത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ നടപടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഉദ്യോഗസ്ഥർക്കുണ്ട്.
എസ്.െഎ.ആറിന്റെ ലക്ഷ്യങ്ങൾ
നുഴഞ്ഞുകയറ്റക്കാർ, ഒന്നിലധികം വോട്ടർമാർ, സ്ഥലം മാറിയവർ, മരിച്ചവർ എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുക എന്നതാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ 2.785 കോടി വോട്ടർമാരുണ്ട്. നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് വീടുകളിലെ വിവരശേഖരണം. ഡിസംബർ 9 ന് പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 7 ന് അന്തിമ പട്ടികയുമെത്തും. ഈ അന്തിമപട്ടികയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.
Also read – ശമ്പളം കൂടും, കിട്ടാൻ കുറഞ്ഞത് 3 വർഷം, ലക്ഷങ്ങൾ അരിയർ ലഭിക്കാം
ആധാർ വിവാദവും കേരളത്തിലെ പ്രത്യാഘാതവും
ആദ്യഘട്ടത്തിൽ ബിഹാറിൽ നടപ്പാക്കിയ SIR വൻ വിവാദമായിരുന്നു. പൗരത്വം തെളിയിക്കുന്ന 11 രേഖകളിൽ ആധാർ, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ആയിരക്കണക്കിന് പൗരന്മാരെ ഒഴിവാക്കുമെന്ന ആശങ്കയുയർത്തി.
തുടർന്ന് വിഷയം സുപ്രീം കോടതിയിലെത്തുകയും ആധാർ SIR-നുള്ള തിരിച്ചറിയൽ രേഖയായി പരിഗണിക്കാമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ആധാർ പൗരത്വ രേഖയല്ലെങ്കിലും തിരിച്ചറിയൽ രേഖയായി രണ്ടാം ഘട്ടത്തിൽ പരിഗണിക്കാൻ കമ്മീഷൻ നിർബന്ധിതരായി. 2002-ലെ അവസാന SIR പട്ടികയിൽ ഉൾപ്പെട്ടവർക്ക് അടിസ്ഥാന വിവരങ്ങൾ നൽകിയാൽ മതിയാകും. എന്നാൽ 1987 ജൂലായ് ഒന്നിന് ശേഷം ജനിച്ചവരും 2002-ലെ പട്ടികയിൽ പേരില്ലാത്തവരും ആധാർ ഉൾപ്പെടെയുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടി വരും.
രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് ബിഹാറിൽ സംഭവിച്ചതുപോലെ വോട്ടർ പട്ടികയിൽ നിന്നും പുറത്താകേണ്ട സാഹചര്യം കേരളത്തിലും ഉണ്ടാകുമോ എന്നതാണ് പ്രധാന ആശങ്ക. SIR നടപടി തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല. ഒരേ ഉദ്യോഗസ്ഥർ തന്നെ രണ്ട് ജോലികളും ചെയ്യേണ്ടിവരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.