Nilambur By-election Result 2025: നിലമ്പൂരിൽ ലീഗ് മതവികാരം ഇളക്കിവിട്ടാണ് വിജയിച്ചത് – വെള്ളാപ്പള്ളി
SNDP General Secretary Vellappally: ആര്യാടൻ മുഹമ്മദും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ മറന്ന് ഷൗക്കത്തിനെ വിജയിപ്പിക്കാൻ ലീഗ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിജയത്തിനുശേഷം മണ്ഡലത്തിൽ കാണുന്ന കൊടികൾ ലീഗിന്റേതാണ്.

Vellappally Nadesan
കൊച്ചി: നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേതല്ല, മുസ്ലിം ലീഗിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ അവഗണിക്കാനാവാത്ത വ്യക്തിത്വമായി പി.വി. അൻവർ മാറിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ആര്യാടൻ മുഹമ്മദും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ മറന്ന് ഷൗക്കത്തിനെ വിജയിപ്പിക്കാൻ ലീഗ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിജയത്തിനുശേഷം മണ്ഡലത്തിൽ കാണുന്ന കൊടികൾ ലീഗിന്റേതാണ്. അതിനാൽ ഈ വിജയം ലീഗിന് അവകാശപ്പെട്ടതാണെന്നും, ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പി.വി. അൻവർ തോറ്റിട്ടില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി
തന്നെ അവഗണിക്കാനാവില്ലെന്ന് അൻവർ തെളിയിച്ചു. നിലമ്പൂരിൽ അൻവർ ഒരു പ്രധാന വ്യക്തിത്വമായി മാറിയിട്ടുണ്ട്. ഭാവിയിൽ ലീഗ് അൻവറിന് സ്ഥാനാർത്ഥിത്വം നൽകിയേക്കുമെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകൾ കുറവല്ലെന്നും, സാങ്കേതികമായി തോറ്റെങ്കിലും അഭിമാനകരമായ വോട്ട് നേടാൻ അവർക്ക് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി വോട്ടുകൾ എവിടെപ്പോയി?
മണ്ഡലത്തിൽ മുസ്ലിം ലീഗ് മുസ്ലിം വികാരം ഇളക്കിവിട്ടപ്പോൾ മുസ്ലിം വോട്ടുകൾ ഏകീകരിക്കപ്പെട്ടു. ഇതിന് മറുപടിയായി ഹിന്ദു വോട്ടുകളും ഏകീകരിക്കപ്പെട്ടുവെന്നും, നല്ലൊരു വിഭാഗം ഹിന്ദുക്കൾ ഇടതുപക്ഷത്തിന് വോട്ടുചെയ്തെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.