ഇനിയും അരിശം തീർന്നില്ലേ, ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് FIR; കാലടി സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Kalady University Suspension Controversy: വിദ്യാർഥികൾക്ക് എതിരേ ഒരേ സംഭവത്തിൽ എങ്ങനെ 2 എഫ്ഐആർ വന്നെന്ന് കോടതി ആരാഞ്ഞു. വിദ്യാർഥികൾ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധങ്ങളെ പൂർണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ല. വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നും കോടതി ചോദിച്ചു.

Students Suspension High Court Poses Questions To Kalady University
കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനും പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാലയോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്? എന്ന് കോടതി ചോദിച്ചു. രണ്ട് എഫ്ഐആറുകൾ യൂണിവേഴ്സിറ്റി ഹാജരാക്കി. ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കുമോയെന്നും കോടതി ചോദിച്ചു. ഇന്ന് വാദം കേൾക്കുന്നില്ല, പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും മറ്റന്നാൾ ഹർജിയിൽ വിശദമായി വാദം കേൾക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കേസിൽ എങ്ങനെ 2 എഫ്ഐആർ വന്നെന്ന് കോടതി ആരാഞ്ഞു. വിദ്യാർഥികൾ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധങ്ങളെ പൂർണമായും കോടതി അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ല. വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നും കോടതി ചോദിച്ചു.
ALSO READ: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കും! സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിച്ചു
ഈ വിഷയത്തിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജിക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന വിദ്യാർഥികളുടെ ഉപഹർജിയും കോടതിയുടെ മുന്നിലുണ്ട്. ഇനി വെള്ളിയാഴ്ച കേസ് കോടതി പരിഗണിക്കും.
സസ്പെൻഷൻ ചോദ്യം ചെയ്ത് നേരത്തെ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് പരിഗണിക്കുകയും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുവാദം നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഇതിനെതിരേ സർവകലാശാല ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. വിദ്യാർഥികളുടെ ഹാജർനില ചൂണ്ടിക്കാട്ടി പരീക്ഷ എഴുതിക്കുന്നതിനെതിരേ തടസമുന്നയിച്ചു. തുടർന്ന് സർവകലാശാലയ്ക്ക് അനുകൂലമായിട്ടായിരുന്നു ഡിവിഷൻ ബഞ്ച് വിധി വന്നത്.
പിന്നീട് പരീക്ഷ എഴുതാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരേ സുപ്രീം കോടതിയിൽ എത്തി. ഹർജി പരിഗണിച്ച കോടതി ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് കേസ് പരിഗണിക്കാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിംഗിൾ ബഞ്ച് ഈ കേസ് വീണ്ടും പരിഗണിച്ചത്.
മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നേരത്തെ വിദ്യാർഥികൾ തള്ളിയിരുന്നു. മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികളെ തിരിച്ചെടുക്കാമെന്ന് കോടതിയിലും പരാമർശം ഉയർന്നപ്പോഴായിരുന്നു 2 മാസം സസ്പെൻഡ് ചെയ്തു പുറത്തു നിർത്തിയിട്ട് ഇനി എന്ത് മാപ്പപേക്ഷ എന്ന് കോടതി ആരാഞ്ഞത്.
60 ദിവസമായി അവർ സർവകലാശാലയ്ക്ക് പുറത്താണ്. ഇനി എന്താണ് വേണ്ടത്? എപ്പോഴാണ് അരിശം തീരുകയെന്നും കോടതി ചോദിച്ചു. ‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും ഉദ്ധരിച്ചായിരുന്നു കോടതി സർവകലാശാലയുടെ പരാമർശങ്ങളോട് പ്രതികരിച്ചത്. സസ്പെൻഷനിലായ വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ നിരാഹാര സമരം നടത്തിവരികയാണ്.
English Summary
The High Court has raised questions to the university regarding the case concerning the suspension of students at Kalady University and their examinations. The court asked, “Has your anger not subsided even two months after the suspension? Haven’t they been kept out for two months already? What kind of apology is expected now?” The university presented two FIRs; the court questioned whether two separate FIRs could be valid for a single case. The matter has been adjourned to Friday for a detailed hearing.