Kerala SIR: എസ്‌ഐആറില്‍ കേരളത്തിന് ആശ്വാസം; സമയപരിധി ഡിസംബര്‍ 11 ലേക്ക് നീട്ടി
SIR Deadline Extension Kerala: വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫോമുകള്‍ അപ്ലോഡ് ചെയ്യാന്‍ മതിയായ സമയം നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.

സുപ്രീംകോടതി
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് കേരളത്തിന് സമയപരിധി നീട്ടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ചാണ് സമയപരിധി നീട്ടുന്നത്. ഡിസംബര്‍ നാലിന് നിശ്ചയിച്ചിരുന്ന സമയപരിധി ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ 11 ലേക്ക് മാറ്റി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 എന്നീ തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫോമുകള്‍ അപ്ലോഡ് ചെയ്യാന്‍ മതിയായ സമയം നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്‌ഐആര്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ പാര്‍ട്ടി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍ എസ്‌ഐആര്‍ പ്രക്രിയ ഒരുതരത്തിലുള്ള തടസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളില്‍ സൃഷ്ടിക്കുന്നില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് എസ്‌ഐആര്‍ ഉദ്യോഗസ്ഥരെ മാറ്റിയെന്നും ഇസിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് 1.76 ലക്ഷം എസ്‌ഐആര്‍ ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. എസ്‌ഐആര്‍ പ്രക്രിയ നടപ്പാക്കുന്നതിനായി 25,468 പേരെയാണ് ചുമതലപ്പെടുത്തിയത്. ഇതുവരെ 98.8 ശതമാനം ഫോമുകളും വിതരണം ചെയ്തതായും 80 ശതമാനം ഫോമുകളും തിരികെ ലഭിച്ച് ഡിജിറ്റലൈസ് ചെയ്തതായും ഇസിഐ കോടതിയെ അറിയിച്ചു.