Thamarassery Shahbaz Murder: ഷഹബാസിന്റെ കൊലപാതകം; ഗൂഢാലോചനയുടെ ഭാഗമായവരും കുടുങ്ങും, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പോലീസ്
Thamarassery Shahbaz Murder Police Investigating Social Media Evidence: അക്രമം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പുറമെ അക്രമം നടന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പരിശോധിച്ചും പരിസരത്തുണ്ടായിരുന്ന ആളുകളുടെ മൊഴികൾ ശേഖരിച്ചും അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരിലേറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

താമരശ്ശേരി: എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അക്രമത്തിൽ പങ്കെടുത്തവർക്കൊപ്പം, ഗൂഢാലോചനയിൽ പങ്കെടുത്തവരെയും കുടുക്കാൻ പോലീസ്. സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ ഗൂഢാലോചനയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും മുതിർന്നവരെയും പോലീസ് പ്രതിചേർക്കും.
സംഭവത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണ് പോലീസ്. അക്രമം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പുറമെ അക്രമം നടന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പരിശോധിച്ചും പരിസരത്തുണ്ടായിരുന്ന ആളുകളുടെ മൊഴികൾ ശേഖരിച്ചും അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരിലേറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ ഷഹബാസിനെ സുഹൃത്ത് വീട്ടിലെത്തിച്ച ശേഷം വൈകീട്ട് 6.50ന് താമരശ്ശേരിയിൽ ഒരു മാളിന് സമീപം കറുത്ത ഷർട്ട് ധരിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ സംഘടിച്ചുനിന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അക്രമത്തിന് ആക്കംകൂട്ടാൻ ശ്രമിച്ച ഇവരെ മാൾ ജീവനക്കാർ അവിടെ നിന്ന് ഓടിക്കുകയായിരുന്നു.
ALSO READ: എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; ഉത്തരവുമായി സുപ്രീംകോടതി
ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും പരിശോധിച്ച് അക്രമത്തിൽ പങ്കാളികളായവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലെ രണ്ടു പക്ഷത്തേയും മെസേജുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. സന്ദേശമയക്കാൻ വിദ്യാർഥികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഭ്യമായ തെളിവുകളെല്ലാം ശാസ്ത്രീയമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി, അക്രമത്തിന് പ്രേരണ നൽകിയെന്ന് തെളിഞ്ഞാൽ ഗ്രൂപ്പ് അഡ്മിന്മാർക്കൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്ത് സന്ദേശം അയച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും, ശബ്ദസന്ദേശങ്ങളും ശാസ്ത്രീയമായി പരിശോധിക്കുന്നത് വഴി അക്രമം ആസൂത്രണം ചെയ്ത രീതി മനസിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവും മുഹമ്മദ് ഷഹബാസിന് നേരെ ഉണ്ടായ മർദനവും ആസൂത്രിതം ആണെന്ന് അക്രമി സംഘത്തിലെ വിദ്യാർഥികളുടെ ഇൻസ്റ്റാഗ്രാം സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.