Thiruvalla Car Accident: കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്
Thiruvalla Car Accident: മുത്തൂർ – കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.

Represental Image
പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. തിരുവല്ല മന്നംകരച്ചിറിയൽ ഇന്നലെ രാത്രി 11: 30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്കും പരിക്കേറ്റു. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതിൽ ഐബിയുടെ (20) നില ഗുരുതരമെന്നാണ് വിവരം. അനന്തു നിസാര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും, മുത്തൂർ – കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.
അതേസമയം വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കെയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.