Thiruvananthapuram Zoo Tiger Attack: തിരുവനന്തപുരം മൃഗശാലയിലെ കടുവയുടെ ആക്രമണം; സംഭവം കൂട് കഴുകുന്നതിനിടെ, സൂപ്പർവൈസർക്ക് പരിക്ക്
Thiruvananthapuram Zoo Tiger Attack Case: രാമചന്ദ്രൻ്റെ തലയിലാണ് കടുവ മാന്തിയത്. വയനാട്ടിൽനിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവയാണ് ആക്രമിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ജനറൽ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ (Thiruvananthapuram Zoo Tiger Attack) ജീവനക്കാരന് നേരെ കടുവയുടെ ആക്രമണം. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കൂട് കഴുകുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. കൂടിൻ്റെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ജനറൽ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി.
രാമചന്ദ്രൻ്റെ തലയിലാണ് കടുവ മാന്തിയത്. നാല് സ്റ്റിച്ചുള്ളതായാണ് വിവരം. അപ്രതീക്ഷിതമായാണ് കടുവ ആക്രമിച്ചത്. വയനാട്ടിൽനിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവയാണ് ആക്രമിച്ചിരിക്കുന്നത്.
വയനാട്ടിലെ കെണിച്ചിറയിൽ നിന്ന് പിടികൂടിയ പത്ത് വയസ്സ് പ്രായമുള്ള ആൺ കടുവയെ കഴിഞ്ഞ വർഷമാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. കടുവയെ 21 ദിവസം മൃഗശാലയിലെ ക്വാറന്റൈനിൽ പാർപ്പിച്ച ശേഷമാണ് കൂട്ടിലേക്ക് അന്ന് മാറ്റിയത്. വയനാട്ടിൽ ഏതാനും കന്നുകാലികളെ കൊന്ന കടുവയാണിത്.
ആദ്യം, കടുവയെ നെയ്യാർ ലയൺ സഫാരി പാർക്കിലേക്ക് കൊണ്ടുപോകാനാണ് അധികൃതർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. കൂടുതൽ വൈദ്യപരിശോധന ആവശ്യമുള്ളതിനാലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. ഇത് കൂടാതെ മൃഗശാലയിൽ രണ്ട് റോയൽ ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളുമുണ്ട്.