Onam Bumper 2025 : നാളെയല്ല, നാളെയല്ല! മഴയെ തുടർന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
Onam Bumper 2025 Luck Draw Date And Time : ലോട്ടറി ബന്ദും മഴയെ തുടർന്നും തിരുവോണം ബമ്പറിൻ്റെ അവസാനഘട്ടം വിൽപനയെ ബാധിച്ചു. ഇത് തുടർന്ന് 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പ് മാറ്റിവെക്കാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്
തിരുവനന്തപുരം : തിരുവോണം ബമ്പറിൻ്റെ 25 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്താൻ ഇനിയും കാത്തിരിക്കണം. നാളെ സെപ്റ്റംബർ 27-ാം തീയതി സംഘടിപ്പിക്കാനിരുന്ന തിരുവോണം ബമ്പർ BR-105 ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു. തിരുവനന്തപുരത്തെ കനത്ത മഴയും ഇന്ന് സംഘടിപ്പിച്ച ലോട്ടറി ബന്ദും ബമ്പർ ടിക്കറ്റ് വിൽപനയെ ബാധിച്ചു. ഇതെ തുടർന്നാണ് ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചത്. പകരം ഒക്ടോബർ നാലാം തീയതി തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ജിഎസ്ടി മാറ്റവും, അപ്രതീക്ഷിത മഴയും ഓണം ബമ്പറിൻ്റെ അവസാനഘട്ട വിൽപനയെ സാരമായി ബാധിച്ചു. തുടർന്ന് ഏജൻ്റുമാരുടെ വിൽപനക്കാരുടെയും ആവശ്യപ്രകാരമാണ് ഓണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ നാളെ സെപ്റ്റംബർ 27-ാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ നറുക്കെടുപ്പ് സംഘടിപ്പിക്കാനായിരുന്നു ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരുന്നത്.
തിരുവോണം ബമ്പറിൻ്റെ സമ്മാനഘടന
- ഒന്നാം സമ്മാനം – 25 കോടി രൂപ
- സമാശ്വാസ സമ്മാനം – അഞ്ച് ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് ഒമ്പത് സീരീസുകളിലെ ടിക്കറ്റുകൾ ലഭിക്കും)
- രണ്ടാം സമ്മാനം – ഒരു കോടി രൂപ (20 പേർക്ക് ലഭിക്കും)
- മൂന്നാം സമ്മാനം – 50 ലക്ഷം രൂപ ( 20 പേർക്ക് ലഭിക്കും)
- നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ (പത്ത് പേർക്ക് ലഭിക്കും)
- അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ (പത്ത് പേർക്ക് ലഭിക്കും)
- ആറാം സമ്മാനം – 5,000 രൂപ
- ഏഴാം സമ്മാനം – 2,000 രൂപ
- എട്ടാം സമ്മാനം – 1,000 രൂപ
- ഒമ്പതാം സമ്മാനം – 500 രൂപ