AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Fake Vote Controversy: സുരേഷ് ഗോപിയുടെ സഹോദരന്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍? വീണ്ടും ആരോപണം; ചൂടുപിടിച്ച് കള്ളവോട്ട് വിവാദം

Fake vote controversy in Thrissur is heating up: സുരേഷ് ഗോപിസുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് വീതമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ആരോപണമാണ് വിവാദത്തെ കൂടുതല്‍ ശക്തമാക്കുന്നത്

Thrissur Fake Vote Controversy: സുരേഷ് ഗോപിയുടെ സഹോദരന്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍? വീണ്ടും ആരോപണം; ചൂടുപിടിച്ച് കള്ളവോട്ട് വിവാദം
സുരേഷ് ഗോപി Image Credit source: facebook.com/ActorSureshGopi
Jayadevan AM
Jayadevan AM | Published: 13 Aug 2025 | 01:59 PM

തൃശൂര്‍: തൃശൂരില്‍ കള്ളവോട്ട് വിവാദം കൂടുതല്‍ ചൂടുപിടിക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിസുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് വീതമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ആരോപണമാണ് വിവാദത്തെ കൂടുതല്‍ ശക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കര ആരോപണം ഉന്നയിച്ചത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടികകളില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് രണ്ട് ഐഡി കാര്‍ഡ് നമ്പറുകളിലാണെന്ന് അനില്‍ ആരോപിച്ചു.

സുഭാഷിന്റെ ഭാര്യ റാണിയുടെ പേര് ചേര്‍ത്തിരിക്കുന്നതും ഇത്തരത്തിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ഇത്തരത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഇരട്ട ഐഡി കാര്‍ഡ് നിര്‍മിച്ച് ആയിരക്കണക്കിന് പേരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൗനം തുടര്‍ന്ന് സുരേഷ് ഗോപി

കള്ളവോട്ട് വിവാദം ചൂടുപിടിക്കുമ്പോഴും സുരേഷ് ഗോപി മൗനം തുടരുകയാണ്. ഇന്ന് തൃശൂരിലെത്തിയിട്ടും അദ്ദേഹം വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെ അദ്ദേഹം സിപിഎമ്മുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലേക്ക് പോയി.

അതേസമയം, സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി അറുപതിനായിരം വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തെന്ന് ആരോപിക്കുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും എന്തു ചെയ്യുകയായിരുന്നുവെന്നും, അവര്‍ കെട്ടിത്തൂങ്ങിചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

വിവാദങ്ങളുടെ തുടക്കം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും പുതിയ വോട്ടര്‍മാര്‍ ഇടംപിടിച്ചത് തൃശൂരിലായിരുന്നു. 2019നെക്കാള്‍ 1,46,673 വോട്ടുകളാണ് തൃശൂരില്‍ കഴിഞ്ഞ തവണ വര്‍ധിച്ചത്. പൂങ്കുന്നത്തെ ഫ്ലാറ്റില്‍ ഉടമസ്ഥരറിയാതെ ഒമ്പത് കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന വെളിപ്പെടുത്തലോടെയാണ് കള്ളവോട്ട് ആരോപണം ആദ്യം ചര്‍ച്ചയാകുന്നത്. ഇത് എങ്ങനെയാണ് കള്ളവോട്ടുകള്‍ ചേര്‍ത്തത് എന്ന് അറിയില്ലെന്ന് ഫ്ലാറ്റുടമ പ്രസന്ന അശോകന്‍ വ്യക്തമാക്കിയിരുന്നു.

യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും ആരോപണവുമായി രംഗത്തെത്തി. തൃശൂരില്‍ കള്ളവോട്ട് നടന്നതായി ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാറും ആരോപിച്ചിരുന്നു. ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ ടീമിനെ സിപിഐ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ വോട്ടറായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യറും ആരോപിച്ചിരുന്നു. തൃശൂരിലെ ജനവിധി അട്ടിമറിച്ചതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരനും ആരോപിച്ചു.

Also Read: Thrissur BJP-CPM Clash : തൃശ്ശൂരിൽ ബിജെപി-സിപിഎം സംഘർഷം; നിരവധി പേർക്ക് പരിക്ക്

കള്ളവോട്ടുകള്‍ ചേര്‍ത്തത് കണ്ടെത്തിയെന്നും, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂരും, തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യാജ വോട്ടുകളെക്കുറിച്ച് പരാതികള്‍ നല്‍കിയിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും പറഞ്ഞു. തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ ആവശ്യം. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ കള്ളവോട്ട് ചേര്‍ത്തെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

പിന്നാലെ സുരേഷ് ഗോപിയുടെ കുടുംബത്തിന് 11 വോട്ടുകളുണ്ടെന്ന ആരോപണവും പുറത്തുവന്നു. സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും ഇരട്ടവോട്ടുകളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ബിജെപിയെ വെട്ടിലാക്കി. വിവാദങ്ങളില്‍ സുരേഷ് ഗോപി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ഇടതു കണ്‍വീനര്‍ ടിപി രാമകൃഷ്ണനും രംഗത്തെത്തി. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.