AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Snakebite Incident: ആല്‍ജോയുടെ വീട്ടില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് അഞ്ച് പാമ്പുകള്‍; ശുചിമുറിയുടെ തറ പൊളിച്ചും പരിശോധന; ആശങ്ക

Thrissur Kodaly Aljo Snake: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ വീട്ടില്‍ നിന്നു ഇതുവരെ കണ്ടെത്തിയത് അഞ്ച് പാമ്പുകള്‍. ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പുകളെയാണ് കണ്ടെത്തിയത്. കണ്ടെത്തുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ശുചിമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.

Snakebite Incident: ആല്‍ജോയുടെ വീട്ടില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് അഞ്ച് പാമ്പുകള്‍; ശുചിമുറിയുടെ തറ പൊളിച്ചും പരിശോധന; ആശങ്ക
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Apr 2026 | 06:18 AM

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ നിന്നു ഇതുവരെ കണ്ടെത്തിയത് അഞ്ച് പാമ്പുകള്‍. ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പുകളെയാണ് കണ്ടെത്തിയത്. തുടരെ തുടരെ പാമ്പുകളെ കണ്ടെത്തുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ശുചിമുറിയുടെ തറ പൊളിച്ച് നാട്ടുകാര്‍ പരിശോധിച്ചു.

നേരത്തെ വനംവകുപ്പ് വീടിന് ചുറ്റും തീയിട്ടിരുന്നു. രണ്ടാമത് പാമ്പിനെ കണ്ടെത്തിയപ്പോഴായിരുന്നു തീയിട്ടത്. എന്നാല്‍ പിന്നീടും പലതവണ പാമ്പിനെ കണ്ടെത്തി. വീട്ടില്‍ കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങളുണ്ടോയെന്നാണ് സംശയം. കഴിഞ്ഞ ദിവസമാണ് ആല്‍ജോ മരിച്ചത്.

നോവായി ആല്‍ജോ

ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആല്‍ജോയ്ക്കും സഹോദരന്‍ അനോഷിനും (10) പാമ്പുകടിയേറ്റത്. രാത്രി രണ്ടു മണിയോടെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയാകാം എന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ സംശയം. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പു കടിച്ചതാണെന്ന് മനസിലായത്. ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അനോഷിന്റെ നില ഗുരുതരമായിരുന്നു. കുട്ടിക്ക് ആറു മണിക്കൂറോളം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററായിരുന്നെങ്കിലും അനോഷിനെ പിന്നീട് അവിടെ നിന്നു മാറ്റി. നിലവില്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ആല്‍ജോയുടെ സംസ്‌കാരച്ചടങ്ങിനിടെയും പാമ്പിനെ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. തുടര്‍ന്ന് വീട്ടിലും പരിസരത്തും പരിശോധന നടത്തി.

ചിറയിന്‍കീഴില്‍ സംഭവിച്ചത്‌

ചിറയിന്‍കീഴില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചു. അഴൂര്‍ മൂലേല്‍ വീട്ടില്‍ ദിക്ഷല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. ദിക്ഷലിന്റെ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

Also Read: Cobra Bite Death: തിരുവനന്തപുരത്ത് മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ഉറങ്ങുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. കാലില്‍ എന്തോ കടിച്ചതായി കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.

യുവതിക്ക് ദാരുണാന്ത്യം

കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശിനി സലീന (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് പാമ്പു കടിയേറ്റത്. ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തശേഷം, വാഹനമെടുക്കാന്‍ പോയപ്പോഴാണ് പാമ്പുകടിയേറ്റത്.

ആശങ്ക

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. വീടുകളില്‍ പാമ്പ് എത്താനുള്ള സാധ്യത കുറയ്ക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടണം. വീടിന് സമീപം ചിരട്ട, വിറക്, തുണികള്‍ തുടങ്ങിയ കൂട്ടിവയ്ക്കരുത്. പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കണം. വീടിന് സമീപത്തെ മാളങ്ങള്‍ അടയ്ക്കണം. രാത്രി സമയങ്ങളില്‍ വീടിനുള്ളിലും, പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കണം. ടോര്‍ച്ചും, ചെരിപ്പുമില്ലാതെ രാത്രിയില്‍ പുറത്തേക്ക് ഇറങ്ങരുത്. ഉറങ്ങുന്ന സ്ഥലം വൃത്തിയായി, സുരക്ഷിതമായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കണം.

Follow Us