Thrissur Mishap: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം; പരിക്കേറ്റവര്‍ക്ക് 50,000; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
PMO mourns Thrissur mishap: തൃശൂരിലെ ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. പിഎം നാഷണല്‍ റിലീഫ് ഫണ്ടില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ന്യൂഡല്‍ഹി/തൃശൂര്‍: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. പിഎം നാഷണല്‍ റിലീഫ് ഫണ്ടില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ദുരന്തത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
Saddened to hear about the loss of lives due to the mishap at a cracker factory in Thrissur, Keralam. My deepest condolences to those who have lost their loved ones. May the injured recover at the earliest: PM @narendramodi
— PMO India (@PMOIndia) April 21, 2026
അനുശോചനപ്രവാഹം
മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരും ദുരന്തത്തില്‍ അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും, എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളേജിലും, ജനറല്‍ ആശുപത്രിയിലും, മറ്റ് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ മാസ് ക്വാഷ്വാലിറ്റി ക്രമീകരണം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
മരണസംഖ്യ ഉയരുന്നു
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി ഉയര്‍ന്നു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. നാലു പേര്‍ക്ക് 70 ശതമാനം പൊള്ളലും, ഒരാള്‍ക്ക് 90 ശതമാനം പൊള്ളലുമേറ്റെന്നാണ് റിപ്പോര്‍ട്ട്.
90 ശതമാനം പൊള്ളലേറ്റയാള്‍ വെന്റിലേറ്ററിലാണ്. സംഭവത്തില്‍ വിശദമായ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് തൃശൂര്‍ കളക്ടര്‍ ഉത്തരവിട്ടു. തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണചുമതല. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 8075011853.
രക്ഷാപ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപ
രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് തുക അനുവദിച്ചത്. തീയണയ്ക്കാന്‍ റോബോട്ടിനെ ഉപയോഗിക്കുമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസിലാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. അതീവ ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനം.
പാടത്തിന് നടുവിലാണ് വെടിക്കെട്ട് നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയെത്താന്‍ ഇടുങ്ങിയ വഴി മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
അപകടകാരണം വ്യക്തമല്ല. കനത്ത ചൂടാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ രണ്ട് സ്‌ഫോടനശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഭൂചലനമാണ് ഇതെന്നാണ് ഇവര്‍ ആദ്യം കരുതിയത്. പിന്നീടാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.
അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്. ഈ മാസം 24-ന് നടക്കേണ്ട തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കം നിര്‍മ്മിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്നത്. കിലോമീറ്ററുകള്‍ ദൂരെ വരെ സ്‌ഫോടനശബ്ദം കേട്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.