Tiger Dies: ഇടുക്കിയിലെ ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു
Grampi Tiger Mission: ആക്രമണത്തിൽ കടുവയുടെ കൈ കൊണ്ട് സംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്.
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസമേഖലയിൽ നിന്നും പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിവീണ കടുവയെ വെടിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചത്തത്. ഡോക്ടർ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്.
ആദ്യം മയക്കുവെടിവെച്ചെങ്കിലും കടുവ മയങ്ങാൻ സമയം എടുത്തു. ഇതോടെയാണ് രണ്ടാമതും മയക്കുവെടിവച്ചത്. ഈ സമയത്താണ് കടുവ ദൗത്യസംഘത്തിനു നേരെ തിരിഞ്ഞത്. ആക്രമണത്തിൽ കടുവയുടെ കൈ കൊണ്ട് സംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. മനുവിന് ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം രണ്ട് ദിവസമായി പ്രദേശത്ത് കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെള്ളിയാഴ്ച മുതൽ കടുവയെ നിരീക്ഷിച്ചുവരുകയായിരുന്നു. കാലിനേറ്റ മുറിവ് ഗുരുതരമായതിനാൽ ഗ്രാമ്പി എസ്റ്റേറ്റിൻറെ 16 ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിൽ തന്നെ കടുവയുണ്ടായിരുന്നു. രണ്ട് ദിവസമായി കടുവ ഈ ചെറിയ കാടിനുള്ളിൽ തന്നെ കിടക്കുകയായിരുന്നു.കടുവ തീർത്തും അവശനിലയിൽ ആയതുകൊണ്ട് തനിയെ കൂട്ടിൽ കയറാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് മയക്കുവെടി വച്ച് പിടിക്കൂടാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപോയിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ എറെ വൈകിയും വനപാലകർ തിരിച്ചിൽ തുടർന്നു. എന്നാൽ കണ്ടെത്താൻ ആയില്ല. ഇതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ വീണ്ടും എത്തി മയക്കുവെടി വെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതലെ ഡ്രോൺ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറ് മണിവരെയായിരുന്നു നിരോധനാജ്ഞ. ജില്ല കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺകുമാർ, ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, എൽ.ആർ. തഹസിൽദാർ എസ്.കെ. ശ്രീകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹരിലാൽ, ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.