Thamarassery: താമരശ്ശേരി വഴിയാണോ? ഗതാഗത നിയന്ത്രണം തുടരുന്നു….
Traffic restrictions on Thamarassery Ghat Road: പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ നീക്കംചെയ്യുന്നതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡ് പ്രതലം തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണിയുടെ രണ്ടാംഘട്ടം ഏതാനും ദിവസത്തിനകം നടത്തുന്നതാണ്.

Thamarassery Churam
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തി പുനരാരംഭിച്ചതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുന്നു. ആറ്, ഏഴ്, എട്ട് ഹെയർപിൻവളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ നീക്കംചെയ്യുന്നതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മരങ്ങൾ നീക്കം ചെയ്യുകയും കയറ്റുകയും ചെയ്യുന്ന സമയത്ത് എട്ടാം വളവിന് ഇരുവശത്തും ഒറ്റ വരിയായി വാഹനങ്ങൾ പിടിച്ചിടുന്നതിന്റെ ഭാഗമായി ചുരംപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അധികം ഭാരവാഹനങ്ങൾ ചുരത്തിലെത്താത്തത് യാത്രക്ലേശത്തിൽ അൽപം ആശ്വാസം നൽകുന്നുണ്ട്. റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടന്നിരുന്ന സ്ഥലങ്ങളിലെ അറ്റകുറ്റപ്പണി അടിവാരം മുതൽ 7ാം വളവ് വരെ പൂർത്തിയാക്കിയിട്ടുണ്ട്.
ALSO READ: ബെംഗളൂരുവില്‍ കുതിച്ചെത്താം, 9 ട്രെയിനുകള്‍ റെഡി; സമയമിതാണ് തെറ്റിക്കല്ലേ
നിലവിൽ റോഡരികിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൈതപ്പൊയിലിൽ എത്തിക്കുകയാണ്. ഇതിന് ശേഷമായിരിക്കും വളവുകൾ വീതികൂട്ടിയുള്ള പുതിയ സുരക്ഷാ ഭിത്തി നിർമാണം ആരംഭിക്കുന്നത്. റോഡ് പ്രതലം തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണിയുടെ രണ്ടാംഘട്ടം ഏതാനും ദിവസത്തിനകം നടത്തുന്നതാണ്.
താമരശ്ശേരി ഹൈവേ പോലീസും എസ്‌ഐ വിശ്വന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ട്രാഫിക് യൂണിറ്റും സന്നദ്ധസംഘടന പ്രവർത്തകരും ചേർന്നാണ് ചുരംപാതയിലെ ഗതാഗതം നിയന്ത്രിക്കുന്നത്. മരങ്ങൾമുഴുവൻ മാറ്റിക്കഴിഞ്ഞ ശേഷം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ പരിശോധനയ്ക്കും ഡിസൈൻ വിലയിരുത്തലിനും ശേഷം വീതികൂട്ടുന്ന പ്രവൃത്തി എട്ടാംവളവ് മുതൽ ആരംഭിക്കുന്നതാണ്.