Suresh Gopi: സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് മാല? ഡിജിപിക്ക് പരാതി
Suresh Gopi's tiger tooth chain: സുരേഷ് ഗോപി ചെയ്തത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്നും പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ സഹിതമാണ് പരാതി.
കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരാതി. സുരേഷ് ഗോപിയുടെ കൈയിൽ പുലിപ്പല്ല് മാലയുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽയിരിക്കുന്നത്. ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍.
സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. സുരേഷ് ഗോപി ചെയ്തത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്നും പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര മന്ത്രിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും മുഹമ്മദ് ഹാഷിം പരാതിയിൽ പറയുന്നു.
പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ റാപ്പർ വേടൻ അറസ്റ്റിലായ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ പരാതി ഉയർന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
വേടനെ രണ്ട് ദിവസത്തെ വനം വകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. പുലിപ്പല്ലിന്റെ ഉറവിടമന്വേഷിക്കാനാണ് കസ്റ്റഡിയിൽ വിട്ടത്. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്നയാൾ തനിക്ക് സമ്മാനമായി നൽകിയതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതാണെന്നും വേടൻ മൊഴി നൽകി.