V S Achuthanandan: രോഗാവസ്ഥയിലും വീൽചെയറിൽ മുറ്റത്തിരുന്ന് പത്രം ‘കേൾക്കും’; പക്ഷേ ആ ആത്മമിത്രത്തിന്റെ വിയോഗം മാത്രം വിഎസ് അറിഞ്ഞില്ല!
Untold Story of VS and Yechury's Friendship: രണ്ടു ഹോം നഴ്സുമാരിലൊരാൾ ദിവസവും പത്രം ഉറക്കെ വായിച്ചു കേൾപ്പിക്കും. മനസ്സിനു വിഷമമുണ്ടാക്കുന്ന ചില വാർത്തകൾ ഒഴിവാക്കും. അങ്ങനെ ഒഴിവാക്കിയ വാർത്തയായിരുന്നു വിഎസിന്റെ ആത്മമിത്രമായിരുന്ന സീതാറാം യച്ചൂരിയുടെ മരണം.
ആരോഗ്യമുള്ള കാലത്ത് ചിട്ടയായ ശീലം പിന്തുടർന്ന നേതാവാണ് വിഎസ്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുന്നതും പ്രഭാതസവാരിയും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. അനാരോഗ്യം മൂലം വിശ്രമത്തിലായപ്പോഴും ഒരിക്കൽ പോലും മുടക്കാതിരുന്നൊരു ശീലമുണ്ട്! വാർത്തയറിയുകയെന്ന ശീലം. കഴിഞ്ഞ ആറ് വർഷമായി രോഗാവസ്ഥമൂലം മകൻ വി.എ.അരുൺകുമാറിന്റെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞത്. ഈ കാലയളവിലും അദ്ദേഹം ഇതിന് മാത്രം മുടക്കം വരുത്തിയിരുന്നില്ല. എന്നാൽ പത്രം വായിക്കാൻ കഴിയാതെ വന്നതോടെ ദിവസവും രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതം വീൽചെയറിൽ വീട്ടുമുറ്റത്തിരുന്ന് പത്രം ‘കേൾക്കാൻ തുടങ്ങി.
അദ്ദേഹത്തെ പരിചരിക്കാനായി നിയോഗിച്ച രണ്ടു ഹോം നഴ്സുമാരിലൊരാൾ ദിവസവും പത്രം ഉറക്കെ വായിച്ചു കേൾപ്പിക്കും. മനസ്സിനു വിഷമമുണ്ടാക്കുന്ന ചില വാർത്തകൾ ഒഴിവാക്കും. അങ്ങനെ ഒഴിവാക്കിയ വാർത്തയായിരുന്നു വിഎസിന്റെ ആത്മമിത്രമായിരുന്ന സീതാറാം യച്ചൂരിയുടെ മരണം. ആ മരണവാർത്തയിറങ്ങിയ പത്രം വിഎസിനെ വായിച്ചു കേൾപ്പിച്ചില്ല. അവസാന നാൾ വരെ യച്ചൂരിയുടെ വേർപാടും വിഎസ് അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുള്ളപ്പോൾ യച്ചൂരി വിഎസിനരികിലെത്തുമായിരുന്നു. പ്രിയ കോമ്രേഡിനെ കാണുമ്പോൾ വിഎസ് ഉഷാറാകും. വിഎ്സ് കേരളത്തിന്റെ ഫിദൽ കാസ്ട്രോയാണെന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്.
Also Read:വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ
വാർത്തകൾക്കു പുറമെ പാട്ടുകൾ കേൾക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ചാനലുകളിൽ കുട്ടികൾ പാടുന്ന പരിപാടികൾ ഏറെ ഇഷ്ടമായിരുന്നു. അരുൺകുമാറിന്റെ ഭാര്യ ഡോ.രജനി ഇഎൻടി സ്പെഷലിസ്റ്റും മകൾ ആശയുടെ ഭർത്താവ് ഡോ.ടി.തങ്കരാജ് ന്യൂറോ സ്പെഷലിസ്റ്റുമാണ്.